Quantcast

നട്ടുപിടിപ്പിച്ച മരങ്ങള്‍ പോലും വെട്ടിവില്‍ക്കാന്‍ അനുമതിയില്ല; കര്‍ഷകനും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

MediaOne Logo

admin

  • Published:

    29 May 2018 11:40 AM IST

നട്ടുപിടിപ്പിച്ച മരങ്ങള്‍ പോലും വെട്ടിവില്‍ക്കാന്‍ അനുമതിയില്ല; കര്‍ഷകനും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു
X

നട്ടുപിടിപ്പിച്ച മരങ്ങള്‍ പോലും വെട്ടിവില്‍ക്കാന്‍ അനുമതിയില്ല; കര്‍ഷകനും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാര്യയുടെ ചികില്‍സക്കും മക്കളെ സ്കൂളിലയക്കുന്നതിനും വേണ്ട പണത്തിന് വില്ലീസ് മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി വനം വകുപ്പിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.

സ്വന്തം ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ കര്‍ഷകന്‍ മക്കളുമൊത്ത്
ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി ജില്ലയിലെ പല വില്ലേജുകളിലും മരം മുറിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ആദായത്തിനായി
നട്ടു പിടിപ്പിച്ച മരങ്ങള്‍ പോലും വെട്ടിവില്‍ക്കാവാതെ കുഴങ്ങുകയാണ് കര്‍ഷകര്‍. ജില്ലയില്‍ പട്ടയപ്രശ്നത്തിന് പരിഹാരം
കാണാന്‍ കഴിയാത്തതാണ് കര്‍ഷകരുടെ ദുരിതത്തിന് കാരണം.

കൈവശ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കാത്തതിനാല്‍ പ്രതിഷേധിച്ചാണ് ചിന്നക്കനാല്‍ പഞ്ചായത്തിലെ കാഞ്ഞിരത്തിങ്കല്‍ മോഹനനും മക്കളും ദേവികുളം റേഞ്ച് ഓഫിസിന് മുന്നിലെത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വനം വകുപ്പ് അധികൃതര്‍ ഇടപ്പെട്ട് മോഹനനെ പിന്തിരിപ്പിച്ചു. നിലവിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയില്‍ അറുപത് സെന്റെിനാണ് മോഹനന് പട്ടയമുള്ളത്. ആദ്യമുണ്ടായിരുന്ന ഏലം കൃഷി കാട്ടാന ശല്യം കൊണ്ട് അവസാനിപ്പിച്ച് വില്ലീസ് മരങ്ങള്‍ നടുകയായിരുന്നു.

ഭാര്യയുടെ ചികില്‍സക്കും മക്കളെ സ്കൂളിലയക്കുന്നതിനും വേണ്ട പണത്തിന് വില്ലീസ് മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി വനം വകുപ്പിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. മക്കളെ ഇത്തവണ സ്കൂളിലയക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത തനിക്ക് ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് മോഹനന്‍ പറയുന്നു.

ഇടുക്കിയിലെ ദേവികുളം താലൂക്കില്‍ ചിന്നക്കനാല്‍ ഉള്‍പ്പടെ അഞ്ച് വില്ലേജുകളില്‍ വില്ലീസ് മരങ്ങളടക്കം മുറിക്കുന്നതിന് സര്‍ക്കാര്‍ വിലക്കുണ്ട്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന പട്ടയ പ്രശ്നത്തിന് പരിഹാരം കാണാന്‍ പുതിയ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ മാത്രമാണ് കര്‍ഷകരുള്ളത്.

TAGS :

Next Story