Quantcast

രണ്ട് മെഡിക്കല്‍ കോളജുകളിലെ പ്രവേശം റദ്ദാക്കി

MediaOne Logo

Sithara

  • Published:

    31 May 2018 10:55 AM IST

രണ്ട് മെഡിക്കല്‍ കോളജുകളിലെ പ്രവേശം റദ്ദാക്കി
X

രണ്ട് മെഡിക്കല്‍ കോളജുകളിലെ പ്രവേശം റദ്ദാക്കി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശമാണ് റദ്ദാക്കിയത്

രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശ നടപടികള്‍ ജെയിംസ് കമ്മിറ്റി റദ്ദാക്കി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശമാണ് റദ്ദാക്കിയത്. കോടതി ഉത്തരവുകള്‍ ലംഘിച്ച് കോളജുകള്‍ പ്രവേശം നടത്തിയെന്ന് കണ്ടെത്തിയാണ് നടപടി. ഏകീകൃത കൌണ്‍സിലിങ് വഴി ഇനി ഈ കോളജുകളിലേക്ക് സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രവേശം നടത്തും.

പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവക്കെതിരെയാണ് ജെയിംസ് കമ്മിറ്റിയുടെ നടപടി. കോളജുകള്‍ കോടതി ഉത്തരവുകളും പ്രവേശ മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങളും ലംഘിച്ചുവെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തി. അതുകൊണ്ട് തന്നെ കോളജുകള്‍ നടത്തിയ പ്രവേശം മുഴുവന്‍ റദ്ദാക്കിയാണ് ജെയിംസ് കമ്മിറ്റിയുടെ ഉത്തരവ്. കരുണ മെഡിക്കല്‍ കോളജില്‍ 100 സീറ്റും കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 150 സീറ്റുകളുമാണുളളത്.

ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം തയ്യാറാക്കണമെന്നത് ഉൾപ്പെടെ സുതാര്യത ഉറപ്പുവരുത്താനായി പ്രവേശ മേല്‍നോട്ട സമിതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കോളജുകള്‍ അട്ടിമറിച്ചു. മെറിറ്റ് പൂര്‍ണമായി അട്ടിമറിച്ചാണ് പ്രവേശം നടത്തിയതെന്നും ജെയിംസ് കമ്മിറ്റി കണ്ടെത്തി. സുപ്രീംകോടതി വിധി അനുസരിച്ച് ഇനിയുള്ള പ്രവേശം ഏകീകൃത കൌണ്‍സിലിങ് വഴി നടത്തണമെന്ന് ജെയിംസ് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാറുമായി കരാറൊപ്പിടാത്ത കെഎംസിടി, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലേക്ക് ഇനി സംസ്ഥാന പ്രവേശ കമ്മീഷണറായിരിക്കും അലോട്മെന്റ് നടത്തുക.

TAGS :

Next Story