നായനാരുടെ പ്രതിമയുടെ അപാകതകള്‍ പരിഹരിച്ചു

നായനാരുടെ പ്രതിമയുടെ അപാകതകള്‍ പരിഹരിച്ചു
കറുത്ത ചായം ഉരച്ച് മാറ്റി വെങ്കല നിറമാക്കി. കണ്ണടയിലും ചെറിയ മാറ്റം വരുത്തി. അതോടെ പ്രതിമക്ക് നായനാരുടെ ഛായയായി.
കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സ്ഥാപിച്ച ഇ.കെ നായനാരുടെ പ്രതിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമായി. ശില്‍പ്പി നേരിട്ടെത്തി രണ്ട് ദിവസത്തെ മിനുക്ക് പണികള്‍ക്ക് ശേഷം അപാകതകള്‍ പരിഹരിച്ച് പ്രതിമ പുനഃസ്ഥാപിക്കുകയായിരുന്നു.
കണ്ണൂര്‍ നായനാര്‍ അക്കാദമിക്ക് മുന്നില്‍ പതിനൊന്നടി ഉയരത്തില്‍ സ്ഥാപിച്ച ഇ.കെ നായനാരുടെ വെങ്കല പ്രതിമക്ക് നായനാരുമായി യാതൊരു സാദൃശ്യവുമില്ലാതിരുന്നതാണ് വിവാദമായത്. സംഭവം സി.പി.എമ്മിനുളളിലും പൊതുസമൂഹത്തിലും ഏറെ ചര്‍ച്ചയായതോടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു.
പിന്നാലെ, പ്രതിമ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ശില്‍പി തോമസ് ജോണ്‍ രാജസ്ഥാനില്‍ നിന്നും കണ്ണൂരിലെത്തി. പ്രതിമ താഴെയിറക്കി പീഠത്തിന്റെ ഉയരം ഏഴടിയാക്കി കുറച്ചു. കറുത്ത ചായം ഉരച്ച് മാറ്റി വെങ്കല നിറമാക്കി. കണ്ണടയിലും ചെറിയ മാറ്റം വരുത്തി. അതോടെ പ്രതിമക്ക് നായനാരുടെ ഛായയായി. പീഠത്തിന്റെ ഉയരം കൂടിയതും പ്രതിമക്ക് കറുത്ത നിറം നല്‍കിയതുമാണ് രൂപ വ്യത്യാസം ഉണ്ടാകാന്‍ കാരണമെന്ന് ശില്‍പ്പി പറയുന്നു.
എണ്ണൂറ് കിലോ തൂക്കമുളള വെങ്കല പ്രതിമ കളിമണ്ണില്‍ നിന്ന് വെങ്കലത്തിലേക്ക് മാറ്റിയപ്പോഴാണ് രൂപ വ്യത്യാസമുണ്ടായതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. ദേശീയതലത്തില്‍ തന്നെ പാര്‍ട്ടിയുടെ പ്രൌഡി വിളിച്ചോതും വിധം നിര്‍മ്മിച്ച നായനാര്‍ അക്കാദമിക്ക് മുന്നിലെ പ്രതിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങളില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Adjust Story Font
16

