Quantcast

ഭൂതത്താന്‍ കെട്ട് മണ്ണിട്ട് നികത്താന്‍ ശ്രമം; കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി

MediaOne Logo

Khasida

  • Published:

    2 Jun 2018 5:02 AM GMT

ഭൂതത്താന്‍ കെട്ട് മണ്ണിട്ട് നികത്താന്‍ ശ്രമം; കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി
X

ഭൂതത്താന്‍ കെട്ട് മണ്ണിട്ട് നികത്താന്‍ ശ്രമം; കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി

പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് ഉദ്യോഗസ്ഥര്‍ ജലാശയം നികത്തി

ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയ മണ്ണിട്ട് നികത്തിയതായി പരാതി. പെരിയാര്‍ വാലിയില്‍ വിനോദസഞ്ചാരത്തിനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടാനെന്ന പേരിലാണ് റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് ഉദ്യോഗസ്ഥര്‍ ജലാശയം നികത്തിയത്. എറണാകുളം ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ഭൂതത്താന്‍ കെട്ടിനെ നികത്തുന്നതില്‍ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്.

ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ ക്യാച്ച്മെന്റെ് ഏരിയക്കായി 1983ല്‍ സര്‍ക്കാര്‍ വന്‍തുക നല്‍കി ഏറ്റെടുത്ത ഭൂമിയാണ് മണ്ണിട്ട് നികത്താന്‍ ആരംഭിച്ചത്. 20 മീറ്ററോളം ജലാശയം നികത്തി കഴിഞ്ഞു. വൈദ്യുത വകുപ്പിന്റെ കീഴിലുള്ള കെട്ടിടനിര്‍മ്മാണത്തിന്റെ കല്ലും മണ്ണുമടക്കമുള്ള അവശിഷ്ടങ്ങളാണ് ജലാശത്തിലേക്ക് ചൊരിഞ്ഞത്. അണക്കെട്ടില്‍ ബോട്ടിങ്ങിനായി എത്തുന്ന സഞ്ചാരികളുടെ വാഹനം നിര്‍ത്തിയിടാനാണ് നികത്തലെന്ന് പറയുമ്പോഴും സമീപത്തുള്ള റിസോര്‍ട്ടുകളെ സഹായിക്കാനാണെന്നും ആക്ഷേപമുയരുന്നുണ്ട്.

കുടിവെള്ളത്തിനും കൃഷി ആവശ്യങ്ങള്‍ക്കും എറണാകുളം ജില്ല പ്രധാനമായും ആശ്രയിക്കുന്നത് പെരിയാര്‍ വാലിയെയാണ്. ദേശാടന പക്ഷികള്‍ക്കും ജലജീവികള്‍ക്കും ആവാസ വ്യവസ്ഥയൊരുക്കുന്ന പ്രദേശം കൂടിയാണിത്. അണക്കെട്ടില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിനായി ഏറ്റെടുത്ത അഞ്ചാളിലധികം താഴ്ചയുള്ള പ്രദേശം മണ്ണിട്ട് നികത്തുകയെന്ന വിരോധാഭാസം കൂടിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത്.

മഴക്കാലത്ത് പുഴയിലേക്ക് വെള്ളമൊഴുകാനുളള വഴി അടച്ചതും ഭാവിയില്‍ ഭൂതത്താന്‍ കെട്ടിലെ ജനജീവിതത്തെ ബാധിക്കും. എന്നാല്‍ നിയമപരമല്ലാത്ത നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് ഉദ്യോഗസ്ഥരുടെ വിശദീകരണം.

TAGS :

Next Story