Quantcast

വിദേശത്തേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാര്‍; ഹാദിയയുടെ വിവാഹം പരസ്പര സമ്മതത്തോടെയെന്ന് കോടതി

MediaOne Logo

Sithara

  • Published:

    2 Jun 2018 11:18 PM GMT

വിദേശത്തേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാര്‍; ഹാദിയയുടെ വിവാഹം പരസ്പര സമ്മതത്തോടെയെന്ന് കോടതി
X

വിദേശത്തേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാര്‍; ഹാദിയയുടെ വിവാഹം പരസ്പര സമ്മതത്തോടെയെന്ന് കോടതി

വിദേശത്തേക്ക് ഐഎസ് റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ടെങ്കിൽ സർക്കാരിന് ഇടപെട്ടുകൂടെ എന്ന് സുപ്രീംകോടതി

വിദേശത്തേക്ക് ഐഎസ് റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ടെങ്കിൽ സർക്കാരിന് ഇടപെട്ടുകൂടെ എന്ന് സുപ്രീംകോടതി. ഹാദിയ കേസിൽ ഹൈക്കോടതി വിധിയെ അനുകൂലിച്ച് കൊണ്ടുള്ള അച്ഛൻ അശോകന്‍റെ വാദം ഖണ്ഡിച്ചാണ് കോടതിയുടെ ചോദ്യം. ഹാദിയയുടെ സത്യവാങ്മൂലത്തിലെ രാഹുൽ ഈശ്വരിനെതിരായ ആരോപണം കോടതി നീക്കി. സത്യവാങ്മൂലത്തിന് മറുപടി നൽകാൻ എൻഐഎക്കും അശോകനും കോടതി അനുമതി നൽകി.

ഹാദിയയും ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹവും കേസും രണ്ടു വിഷയങ്ങളാണ് എന്ന നിലപാട് ആവർത്തിക്കുകയായിരുന്നു സുപ്രീംകോടതി. ഹാദിയ സിറിയയിൽ പോകാൻ സാധ്യത ഉള്ളത് കൊണ്ടാണ് ഹൈക്കോടതി ഇടപെട്ടതെന്ന് അശോകൻ വാദിച്ചു. വിദേശത്ത് പോകാനിരിക്കുകയാണെന്ന് ഒരിക്കൽ ഹാദിയ തന്നെ ഫോണിൽ പറഞ്ഞിരുന്നു. കേസിലെ എന്‍ഐഎ കണ്ടെത്തലുകൾ മുഖവിലക്കെടുക്കണം എന്നും അശോകൻ ആവർത്തിച്ചു.

വാദം ഖണ്ഡിച്ച കോടതി, വിദേശത്ത് പോകുമെന്ന് വിവരമുണ്ടെങ്കിൽ എന്തുകൊണ്ട് സർക്കാരിന് ഇടപെട്ടുകൂടായെന്ന് ചോദിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് നിയമപരമായ അധികാരമുണ്ട്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമാണെന്ന് ഹാദിയയും ഷെഫിനും വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളികൾക്ക് ഇടയിലുള്ള സമ്മതത്തെപ്പറ്റി അന്വേഷണം നടത്താൻ കഴിയുമോയെന്നും കോടതി ചോദിച്ചു.

രാഹുൽ ഈശ്വർ മതപരിവർത്തനത്തിന് സമ്മർദം ചെലുത്തിയെന്ന സത്യവാങ്മൂലത്തിലെ ആരോപണം രാഹുൽ ഈശ്വർ എതിർത്തതോടെ കോടതി നീക്കി. രാഹുൽ കേസിൽ കക്ഷി അല്ലാത്ത സാഹചര്യത്തിലാണ് പരാമർശം നീക്കിയത്. ഹാദിയയുടെ സത്യവാങ്മൂലത്തിന് ഒരാഴ്ച്ചക്കകം അച്ഛൻ അശോകനും എൻഐഎയും മറുപടി നൽകണം. കേസ് മാർച്ച് 8ന് വീണ്ടും പരിഗണിക്കും.

TAGS :

Next Story