Quantcast

മധുവിന്‍റെ മരണത്തില്‍ വര്‍ഗീയ ട്വീറ്റ്; മാപ്പ് പറഞ്ഞ് സെവാഗ്

MediaOne Logo

Alwyn K Jose

  • Published:

    2 Jun 2018 9:06 AM GMT

മധുവിന്‍റെ മരണത്തില്‍ വര്‍ഗീയ ട്വീറ്റ്; മാപ്പ് പറഞ്ഞ് സെവാഗ്
X

മധുവിന്‍റെ മരണത്തില്‍ വര്‍ഗീയ ട്വീറ്റ്; മാപ്പ് പറഞ്ഞ് സെവാഗ്

വര്‍ഗീയത കലര്‍ത്തി ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് മാപ്പ് പറഞ്ഞു

അട്ടപ്പാടിയില്‍ ജനക്കൂട്ടത്തിന്‍റെ മര്‍ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ വര്‍ഗീയത കലര്‍ത്തി ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് മാപ്പ് പറഞ്ഞു. മധുവിന്‍റെ കൊലപാതകത്തില്‍ പ്രതികളിലെ മുസ്‍ലിം പേരുകള്‍ മാത്രം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു കൊലപാതകത്തെ അപലപിച്ചു കൊണ്ടുള്ള സെവാഗിന്‍റെ കുറിപ്പ്. മധുവിനെ കൊന്നത് മുസ്‍ലിംകള്‍ മാത്രം ചേര്‍ന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായിരുന്നു ഇത്. മധുവിന്‍റെ കൊലപാതകക്കേസില്‍ 16പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയായിരുന്നു സെവാഗിന്‍റെ വര്‍ഗീയ പരാമര്‍ശം.

''മധു ഒരു കിലോഗ്രാം അരി മോഷ്ടിച്ചു. ഉബൈദ്, ഹുസൈന്‍, അബ്ദുല്‍കരീം എന്നിവരടങ്ങുന്ന സംഘം ആ ആദിവാസി യുവാവിനെ കൂട്ടക്കൊല ചെയ്തു. പരിഷ്കൃത സമൂഹത്തിന് ഇത് അപമാനമാണ്. ഇങ്ങിനെയൊക്കെ സംഭവിച്ചിട്ടും ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.'' ഇതായിരുന്നു സെവാഗിന്‍റെ ട്വീറ്റ്. ട്വീറ്റിന് താഴെ #muslimskillmadhu എന്ന ഹാഷ് ടാഗുകളും പ്രചരിച്ചതോടെ സംഭവം വിവാദായി.

ഇതേത്തുടര്‍ന്നാണ് വിവാദ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് സെവാഗ് രംഗത്തുവന്നത്. തനിക്ക് ലഭ്യമായ വിവരങ്ങളിലെ അപൂര്‍ണതയാണ് കൂടുതല്‍ പേരുകള്‍ തന്‍റെ ട്വീറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിന് കാരണമെന്നും ഇതില്‍ താന്‍ ആത്മാര്‍ഥമായി മാപ്പ് പറയുന്നതായും സെവാഗ് ട്വിറ്ററില്‍ കുറിച്ചു. തന്‍റെ ട്വീറ്റ് വര്‍ഗീയത കലര്‍ത്തിയുള്ളതായിരുന്നില്ലെന്നും സെവാഗ് പറഞ്ഞു. മതത്താല്‍ വേര്‍തിരിക്കപ്പെട്ടവരാണെങ്കിലും കൊലയാളികള്‍ അക്രമവാസന കൊണ്ട് ഒരുമിച്ചു ചേര്‍ന്നവരാണെന്ന് സെവാഗ് പറഞ്ഞു. ഇതിന് ശേഷം തന്‍റെ വിവാദ ട്വീറ്റ് സെവാഗ് ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. കൊടുംക്രൂരതയിലും വർഗീയ മുതലെടുപ്പ് നടത്തുന്ന സെവാഗിനോട് കള്ളം പറയുന്നത് നിർത്താന്‍ ആവശ്യപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

Non acceptance of a fault is itself a 2nd fault.I apologise I missed out on more names involved in this crime bcoz of incomplete info & sincerely apologise 4 it but the tweet is not communal at all.Killers r divided by religion but united by a violent mentality. May there b peace https://t.co/2ucRSInc96

— Virender Sehwag (@virendersehwag) February 24, 2018

TAGS :

Next Story