Quantcast

ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

MediaOne Logo

Subin

  • Published:

    3 Jun 2018 6:55 AM GMT

ത്യാഗത്തിന്റെയും ദൈവ സമര്‍പ്പണത്തിന്റേയും ഓര്‍മ പുതുക്കുന്നതാണ് ഈദ് ആഘോഷം

സംസ്ഥാനത്ത് ഇസ്‍ലാം മത വിശ്വാസികള്‍ ഇന്ന് വലിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദുഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അനുകൂല കാലാവസ്ഥ ആയതിനാല്‍ ദക്ഷിണ കേരളത്തില്‍ മിക്കയിടങ്ങളിലും ഈദുഗാഹുകളിലാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നടന്നത്.

മഴ മാറി നിന്നതിനാല്‍ വലിയ തോതില്‍ സ്ത്രീകളും പുരുഷന്മാരും പെരുന്നാള്‍ നമസ്കാരത്തിനായി ഈദുഗാഹുകളില്‍ എത്തി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹിന് പാളയം ഇമാം വി.പി സുഹൈബ് മൌലവി നേതൃത്വം നല്‍കി. പുത്തരിക്കണ്ടം മൈതാനം, സെന്‍ട്രല്‍ സ്ക്കൂള്‍, മണക്കാട് സ്കൂള്‍ എന്നിവിടങ്ങളിലും ഈദുഗാഹുകള്‍ നടന്നു.

കൊല്ലത്ത് ബീച്ചിലാണ് ഈദ് ഗാഹ് നടന്നത്. കടയ്കക്കല്‍ അബ്ദുല്‍ അസീസ് മൌലവിയുടെ നേതൃത്വത്തിലായിരുന്നു ജോനകപ്പുറം വലിയ പള്ളിയിലെ പെരുന്നാള്‍ നമസ്കാരം. ആശ്രാമം, പള്ളിമുക്ക് ഉള്‍പ്പെടെ പ്രധാന പള്ളികളിലെല്ലാം പെരുന്നാള്‍ നമസ്കാരത്തിന് വലിയ തിരക്കായിരുന്നു. പത്തനംതിട്ട ടൌണ്‍ ജമാഅത്ത് പള്ളിയുള്‍പ്പെടെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു.

കൊച്ചിയിൽ വിവിധ പളളികളിലായി പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ സംയുക്ത ഈദ് ഗാഹുകൾ ഉണ്ടായിരുന്നില്ല. വൈറ്റില സലഫി ജുമാ മസ്ജിദിൽ ബാസിൽ സ്വലാഹി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. ചലച്ചിത്ര താരം മമ്മൂട്ടി, സിനിമ സീരിയൽ താരം ഇബ്രാഹിം കുട്ടി തുടങ്ങിയവർ നമസ്കാരത്തിൽ പങ്കെടുത്തു. കോഴിക്കോട് മര്‍ക്കസ് ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് റഊഫ് സഖാഫി നേതൃത്വം നല്‍കി. മലപ്പുറം എടവണ്ണപ്പാറയില്‍ നടന്ന ഈദ്ഗാഹിന് ജമാ അത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി ആരിഫലിയാണ് നേതൃത്വം നല്കിയത്.

പൊന്നാനി വലിയ ജുമാ അത്ത് പള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് അബ്ദുള്ള ബാഖവി ഇയ്യാട് നേതൃത്വം നല്കി . പൊന്നാനിയില്‍ നടന്ന സംയുക്ത ഈദ് ഗാഹിന് അബ്ദുള്‍ ഹഖീം നദ്വിയാണ് നേതൃത്വം നല്കിയത്. കാസര്‍കോട് മാലിക് ദിനാര്‍ ജുമാ മസ്ജിദില്‍ മജീദ് ബാഖവിയും കണ്ണൂര്‍ യൂണിറ്റി സെന്റുറില്‍ യുപി സിദ്ദീഖ് മാസ്റ്ററും പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കല്‍പ്പറ്റ ടൌണ്‍ ജുമാ മസ്ജിദിലും പാലക്കാട് സിറ്റി ജുമാ മസ്ജിദിലും നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

TAGS :

Next Story