പത്തനംതിട്ട പീഡനം, പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്താത്ത ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും

പത്തനംതിട്ട പീഡനം, പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്താത്ത ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും
സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പത്തനംതിട്ട അയിരൂരില്‍ പീഡനത്തിനിരയായ അഞ്ച് വയസ്സുകാരിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നതിന് വിസമ്മതിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും. ഐ പി സി 166 എ, 166 ബി പ്രകാരമായിരിക്കും കേസ്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഗംഗ, ലേഖ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. നേരത്തെ ഇരുവര്‍ക്കും എതിരെ കേസെടുക്കുന്നതിന് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഡോക്ടര്‍മാര്‍ക്കെതിരായ നടപടി. ഇത് പ്രകാരം ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
പോക്‌സോ പ്രകാരമുള്ള കേസിന് പുറമേയാണിത്. കഴിഞ്ഞ 15ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥ കുട്ടിയെ വൈദ്യ പരിശോധനക്കായി കോഴഞ്ചേരി ആശുപത്രിയിലെത്തിച്ചത്. രാത്രി 9 മണിവരെയും പരിശോധന നടക്കാത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പരിശോധന നടന്നത്. സംഭവത്തെകുറിച്ച് അന്വേഷിച്ച ഡിഎംഒ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇത് പ്രകാരം ജില്ലാ കളക്ടര്‍ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
Adjust Story Font
16

