മാത്തൂര്‍ എയ്ഡഡ് എല്‍പി സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് സ്റ്റേ ചെയ്തു

മാത്തൂര്‍ എയ്ഡഡ് എല്‍പി സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് സ്റ്റേ ചെയ്തു
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിലവിലെ സ്കൂള്‍ കെട്ടിടം മാറ്റാനോ സ്കൂളിന്റെ ഉടമസ്ഥാവകാശം മറ്റാര്‍ക്കെങ്കിലും കൈമാറാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു
പാലക്കാട് മാത്തൂര്‍ എയ്ഡഡ് എല്‍പി സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് ഹൈകോടതി സ്റ്റേ ചെയ്തു . ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിലവിലെ സ്കൂള്‍ കെട്ടിടം മാറ്റാനോ സ്കൂളിന്റെ ഉടമസ്ഥാവകാശം മറ്റാര്‍ക്കെങ്കിലും കൈമാറാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു. സ്കൂള്‍ മാനേജ്മെന്റ് മാറ്റത്തിനും കെട്ടിട മാറ്റത്തിനും അനുമതി നല്‍കിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ അനിക്കോട് ബേസിക് സ്കൂള്‍ മാനേജര്‍ നല്‍കിയ ഹരജിയിലാണ് നടപടി.
വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ബന്ധുവായ ടികെ ദാസന് മത്തൂര്‍ എല്‍പി സ്കൂള്‍ മാനേജ്മെന്റ് സ്ഥാനം നല്‍കാനും സ്കൂളിനെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും അനുമതി നല്‍കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നേരത്തെ വിവാദമായിരുന്നു. സ്കൂള്‍ കെട്ടിടം മാറ്റുന്നതിനെതിരെ അനിക്കോട് എയ്ഡഡ് ജൂനിയര്‍ ബേസിക് സ്കൂള്‍ നല്‍കിയ പരാതിയില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ഡിപിഐയോട് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടക്കാനാണ് ധൃതിപ്പെട്ട് സ്കൂള്‍ മാനേജറെ മാറ്റാനും പുതിയ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവര്‍ത്തനം കൊണ്ട് പോകാനും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതെന്ന് ആരോപിച്ചാണ് അനിക്കോട് ജൂനിയര്‍ സ്കൂള്‍ മാനേജര്‍ ഹൈകോടതിയെ സമീപിച്ചത്. ഇതിലാണ് വിദ്യാഭ്യാസ വകുപ്പിനും മാത്തൂര്‍ സ്കൂളിന്റെ പുതിയ ഉടമസ്ഥര്‍ക്കും തിരിച്ചടി നല്‍കുന്ന ഉത്തരവുണ്ടായിരിക്കുന്നത്. അനിക്കോട് സ്കൂള്‍ നല്‍കിയ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ നിലവിലുള്ള കെട്ടിടത്തില്‍ തന്നെ സ്കൂള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും സ്കൂളിന്റെ ഉടമസ്ഥാവകാശം അതുവരെ കൈമാറരുതെന്നും ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാരിനും മാത്തൂര്‍ സ്കൂളിന്റെ പുതിയ ഉടമ ടികെ ദാസന്‍, പാലക്കാട് എഇഓ, ഡിപിഓ, എന്നിവര്‍ക്കും കോടതി നോട്ടീസയച്ചു.
Adjust Story Font
16

