"എന്‍റെ പാത്തു വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി"

"എന്‍റെ പാത്തു വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി"
കാന്‍സര്‍ ബാധിച്ച് മരിച്ച 13 വയസ്സുകാരിക്ക് വേദനയോടെ യാത്രാമൊഴിയേകി നടന്‍ വിനോദ് കോവൂര്‍.
കാന്‍സര്‍ ബാധിച്ച് മരിച്ച 13 വയസ്സുകാരിക്ക് വേദനയോടെ യാത്രാമൊഴിയേകി നടന്‍ വിനോദ് കോവൂര്‍. എം80 മൂസ പരമ്പരയുടെ ആരാധികയായിരുന്ന പാത്തുവിനാണ് മൂസക്കായി നിറഞ്ഞ കണ്ണുകളോടെ വിടചൊല്ലിയത്. അവസാനമായി പാത്തുവിനെ ഒന്നുകാണാന്‍ കഴിയാത്തതിന്‍റെ സങ്കടവും വിനോദ് ഫേസ് ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.
രോഗത്തോട് മല്ലടിച്ച് വേദന തിന്നുമ്പോഴും പാത്തു സ്ഥിരമായി എം80 മൂസ കാണുമായിരുന്നു. ഡോക്ടര്‍ പറഞ്ഞ് ഇക്കാര്യം അറിഞ്ഞ വിനോദ് കോവൂര്‍ പാത്തുവിനെ ഇടയ്ക്കിടെ കാണാന്‍ പോകാറുണ്ടായിരുന്നു. പാത്തുവിന്‍റെ വിശേഷങ്ങള്‍ വിനോദ് ഫേസ് ബുക്കിലൂടെ പലതവണ പങ്കുവെയ്ക്കുകയുണ്ടായി. വിഷുവിന് പായസമുണ്ടാക്കി കൊടുത്തതും പാത്തുവിന്‍റെ ആഗ്രഹ പ്രകാരം അവളുടെ വീട്ടില്‍ പോയതും അവള്‍ അന്ന് കുറേ മാങ്ങകള്‍ നല്‍കിയതുമെല്ലാം വിനോദ് ഓര്‍മിച്ചു. അന്ന് വീൽചെയറിലിരുന്ന് പാത്തു കൈ വീശി കാണിച്ചപ്പോള്‍ അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് അറിഞ്ഞില്ലെന്നും വിനോദ് വേദനയോടെ ഫേസ് ബുക്കില്‍ കുറിച്ചു.
"ഇന്ന് കാലത്തും എന്‍റെ പ്രാർത്ഥനയിൽ അവൾ ഉണ്ടായിരുന്നു. ഇന്ന് ഇവിടെ കാലത്ത് നടന്ന ഒരു ചടങ്ങിൽ ഇന്നസെന്റ് ആശുപത്രിയിൽ വെച്ച് കണ്ട കാൻസർ ബാധിച്ച ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞിരുന്നു. അപ്പോഴും ഞാൻ എന്‍റെ പാത്തുവിനെ ഓർത്തു. ആ ചടങ്ങ് കഴിഞ്ഞപ്പോഴാണ് പാലിയേറ്റീവിലെ വഫ എന്ന വളണ്ടിയർ വിളിച്ച് സങ്കട വാർത്ത പറയുന്നത്. വല്ലാതെ തകർന്ന് പോയി ഞാൻ. ഇത്തിരി നേരം റൂമിൽ വന്നിരുന്ന് അവളുമൊത്ത് ചിലവിട്ട നിമിഷങ്ങൾ ഓർത്തു കണ്ണ് നിറഞ്ഞു. അവസാനമായി അവളെ ഒന്ന് കാണാൻ പറ്റാത്തതിന്റെ വിഷമം ഉണ്ട്. പാത്തൂ, ദൂരവും തിരക്കും പ്രശ്നമായത് കൊണ്ടാണ് മോളെ, അല്ലെങ്കിൽ നിന്‍റെ മൂസക്കായ് അവിടെ എത്തുമായിരുന്നു. സ്വർഗ്ഗ ലോകത്ത് നീ സന്തോഷത്തോടെ ഇരിക്ക്. ആത്മാവിന് നിത്യശാന്തി നേരുന്നു മോളെ", എന്ന് പറഞ്ഞാണ് വിനോദ് കോവൂര്‍ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
Adjust Story Font
16

