Quantcast

'ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടി'; താരങ്ങളുടെ മൊഴി പുറത്ത്

MediaOne Logo

Sithara

  • Published:

    5 Jun 2018 4:54 AM GMT

ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടി; താരങ്ങളുടെ മൊഴി പുറത്ത്
X

'ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടി'; താരങ്ങളുടെ മൊഴി പുറത്ത്

നടിയെ അക്രമിച്ച കേസില്‍ സിനിമാരംഗത്തെ പ്രമുഖരുടെ മൊഴിപ്പകര്‍പ്പു‍കള്‍ പുറത്ത്.

നടിയെ അക്രമിച്ച കേസില്‍ സിനിമാ രംഗത്തുള്ളവരുടെ മൊഴിപ്പകര്‍പ്പു‍കള്‍ പുറത്ത്. കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, മുകേഷ് എന്നിവരടക്കം 9 പേരുടെ മൊഴിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. തനിക്കും ദിലീപിനുമെതിരെ ആക്രമിക്കപ്പെട്ട നടി അപവാദം പറഞ്ഞു നടന്നിരുന്നുവെന്നാണ് കാവ്യയുടെ മൊഴി. ദിലീപും കാവ്യയും തമ്മിലെ ബന്ധം ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞിരുന്നുവെന്ന് മഞ്ജു വാര്യരുടെ മൊഴിയിലുണ്ട്.

ആക്രമിക്കപ്പെട്ട നടിക്കെതിരെ കാവ്യ

അക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തിപരമായ വൈരാഗ്യമുണ്ടായിരുന്നുവെന്നത് സാധൂകരിക്കുന്ന വിവരങ്ങളാണ് കാവ്യാ മാധവന്റെ മൊഴിയിലുള്ളത്. കാവ്യയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ: പള്‍സര്‍ സുനിയെ തനിക്ക് അറിയില്ല. അമ്മ പ്രോഗ്രാമിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ട നടിയുമായി ‌ തര്‍ക്കമുണ്ടായി. ദിലീപിനെയും തന്നെയും കുറിച്ച് അപവാദം പറഞ്ഞ് നടന്നതിന് ദിലീപിന്റെ ആവശ്യപ്രകാരം നടന്‍ സിദ്ദിഖ് നടിയെ താക്കീത് ചെയ്തിരുന്നു. ദിലീപും മഞ്ജുവും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടി കാരണക്കാരിയാണെന്നറിയാമായിരുന്നു. ഇല്ലാക്കഥകള്‍ നടി പറഞ്ഞു നടന്നിട്ടുണ്ട്. ദിലീപും താനും നൃത്തം ചെയ്യുന്ന ഫോട്ടോ നടി, മഞ്ജുവിന് അയച്ചുകൊടുത്തു. കേസിലെ പ്രതി വിഷ്ണു ലക്ഷ്യയില്‍ വന്നിരുന്നു. എന്നാല്‍ തന്റെ ഡ്രൈവര്‍ സുനീറാണ് ഇയാളുമായി സംസാരിച്ചത്. വിഷ്ണു അപ്പുണ്ണിക്ക് കത്ത് നല്‍കിയ കാര്യം ദിലീപ് പറഞ്ഞിരുന്നു. ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം പിരിയാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്ന ആരോപണവും കാവ്യയുടെ മൊഴിയിലുണ്ട്.

ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ച് നടി തന്നോട് പറഞ്ഞെന്ന് മഞ്ജു

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞിരുന്നുവെന്നാണ് മഞ്ജു വാര്യരുടെ മൊഴി. ഇക്കാര്യങ്ങള്‍ നേരത്തെ അറിയാമായിരുന്നെങ്കിലും മുന്‍പ് ‌മനസിലാക്കിയ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന വിവരങ്ങളാണ് നടി പറഞ്ഞത്. നടി പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കരുതെന്ന് ദിലീപ് വിവാഹമോചനത്തിന് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് പല സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നുവെന്നും മഞ്ജു വാര്യര്‍ മൊഴിയില്‍ വ്യക്തമാക്കി.

ദിലീപിനെ പ്രതിരോധത്തിലാക്കി റിമി ടോമിയുടെ മൊഴി

2010ല്‍ അമേരിക്കയില്‍ സ്റ്റേജ് ഷോ നടക്കുമ്പോള്‍ ദിലീപിനെയും കാവ്യയെും ഒരു റൂമില്‍ കണ്ടിരുന്നു. ആക്രമിക്കപ്പെട്ട നടിയും അപ്പോള്‍ കൂടെയുണ്ടായിരുന്നു. ഇത് നടി മഞ്ജുവിനോട് പറഞ്ഞ കാര്യം തനിക്കറിയാം. ദിലീപും നടിയും തമ്മില്‍ ഇതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടായത് തനിക്കറിയാമെന്നും റിമി ടോമി പറയുന്നു.

സുനി തന്‍റെ ഡ്രൈവറായിരുന്നെന്ന് മുകേഷ്

കേസിന്റെ ആദ്യ ഗൂഢാലോചന നടന്നതായി പോലീസ് പറയുന്ന അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നുവെന്ന് മുകേഷ് മൊഴിയില്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ പ്രോഗ്രാമിന്റെ വിവിഐപി പാസ് താനല്ല പള്‍സര്‍ സുനിക്ക് നല്‍കിയതെന്നും മുകേഷ് പറയുന്നു.

ഹൌ ഓള്‍ഡ് ആര്‍ യൂവില്‍ നിന്ന് പിന്മാറാന്‍ ദിലീപ് ആവശ്യപ്പെട്ടെന്ന് കുഞ്ചാക്കോ ബോബന്‍

മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹൌ ഓള്‍ഡ് ആര്‍ യു സിനിമയില്‍ നിന്ന് പിന്മാറാന്‍ ദിലീപ് നിര്‍ദേശിച്ചിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനോടും ദിലീപ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും കുഞ്ചാക്കോ ബോബന്റെ മൊഴിയിലുണ്ട്. സംവിധായകന്‍‌ ശ്രീകുമാര്‍ മേനോനും ദിലീപിന് നടിയോടുണ്ടായിരുന്ന വിരോധം അറിയാമായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

TAGS :

Next Story