Quantcast

കെഎസ്ആര്‍ടിസി മിന്നല്‍ കേസില്‍ യൂണിയനുകള്‍ കടുത്ത നിലപാടില്‍

MediaOne Logo

ഇ.കെ ദിനേശൻ

  • Published:

    6 Jun 2018 5:55 AM GMT

പോലീസ് ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ സ്‌റ്റേഷനില്‍ ഹാജാരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് പോലീസ് കോടതിക്ക് കൈമാറി.

വിദ്യാര്‍ഥിനിയെ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാത്തതിന്റെ പേരില്‍ പോലീസ് നിയമ നടപടി ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടുത്ത നിലപാടിലേക്ക്. മിന്നല്‍ സര്‍വീസിന് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സ്‌റ്റോപ്പുകളില്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചാല്‍ ജോലി ബഹിഷ്‌കരിക്കുമെന്നാണ് ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകളുടെ മുന്നറിയിപ്പ്.

പാല ഡിപ്പോയില്‍ നിന്നുള്ള മിന്നല്‍ സര്‍വീസ് രാത്രി വിദ്യാര്‍ഥിനി ആവശ്യപ്പെട്ട സ്ഥലത്ത് നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് എതിരെ പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയിലെ രണ്ട് അംഗീകൃത യൂണിയനുകളായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയത്.

നിലവില്‍ പാല ഡിപ്പോയിലെ യൂണിയനുകളാണ് എടിഒക്ക് കത്ത് നല്‍കിയിരിക്കുന്നത്. അംഗീകരിക്കപ്പെട്ട സ്‌റ്റോപ്പുകളിലല്ലാതെ മറ്റിടങ്ങളില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ സര്‍വ്വീസ് ബഹിഷ്‌കരിക്കുമെന്നാണ് മുന്നറിയിപ്പ്. പാലാ കാസര്‍ഗോഡ് സര്‍വീസിനെതിരേയായിരുന്നു പോലീസ് നടപടി. ഈ സര്‍വീസിന്റെ പേര് പറഞ്ഞാണ് മുന്നറിയിപ്പെങ്കിലും മിന്നലിന്റെ മറ്റ് സര്‍വീസുകളുടെ കാര്യത്തിലും യൂണിയനുകളുടെ നിലപാട് ഇത് തന്നെയാണ്. വേണ്ടി വന്നാല്‍ സംസ്ഥാന തലത്തില്‍ തന്നെ ഇത്തരം നിലപാട് സ്വീകരിക്കാനാണ് യൂണിയനുകളുടെ ആലോചന. പോലീസ് ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ സ്‌റ്റേഷനില്‍ ഹാജാരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് പോലീസ് കോടതിക്ക് കൈമാറി.

TAGS :

Next Story