Quantcast

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എ വി ജോര്‍ജിനെ പ്രതിചേര്‍ക്കില്ല

MediaOne Logo

Salahu K

  • Published:

    18 Jun 2018 5:43 AM GMT

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എ വി ജോര്‍ജിനെ പ്രതിചേര്‍ക്കില്ല
X

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എ വി ജോര്‍ജിനെ പ്രതിചേര്‍ക്കില്ല

പ്രതിയാക്കാനുള്ള ക്രിമിനല്‍ കുറ്റം എ വി ജോര്‍ജ് ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണ സംഘത്തിന് നിയമോപദേശം നല്‍കി.

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്‍പി എ വി ജോര്‍ജ് പ്രതിയാകില്ല. എ വി ജോര്‍ജ് ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതി ചേർക്കാനാവില്ലെന്നും ഡയറക്ടര്‍ ‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണ സംഘത്തിന് നിയമോപദേശം നല്‍കി. കേസില്‍ മുന്‍ പറവൂര്‍ മജിസ്ട്രേറ്റിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി.

വരാപ്പുഴ പൊലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രതിയാക്കാനാവില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണ സംഘത്തിന് നൽകിയ നിയമോപദേശം. എ വി ജോര്‍ജിന്റെ നിര്‍ദേശപ്രകാരമല്ല കൊല നടത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ്. ആര്‍ടിഎഫ് രൂപീകരണം നിയമവിരുദ്ധമായതിനാല്‍ ജോര്‍ജിനെതിരെ വകുപ്പു തല നടപടിയാണ് നിലനില്‍ക്കുകയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കി.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിലും മുന്‍ റൂറല്‍ എസ്പിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ആര്‍ടിഎഫുകാര്‍ക്ക് മാത്രമാണ് കൊലപാതകത്തില്‍ പങ്കെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.

അതിനിടെ മുന്‍ പറവൂര്‍ മജിസ്ട്രേറ്റിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. മജിസ്ട്രേറ്റിനെ സാക്ഷിയാക്കി മൊഴിയെടുക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ശ്രീജിത്തിനെ കാണാന്‍ മജിസ്ട്രേറ്റ് വിസമ്മതിച്ചു എന്ന് ആക്ഷേപമുയർന്നിരുന്നു.

Next Story