Quantcast

ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി വൈകിയെന്ന സഭയുടെ വാദം തെറ്റ്; തെളിവ് പുറത്ത് 

കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മദര്‍ ജനറല്‍ മൊഴിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടു.

MediaOne Logo

Web Desk

  • Published:

    4 July 2018 1:57 PM IST

ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി വൈകിയെന്ന സഭയുടെ വാദം തെറ്റ്; തെളിവ് പുറത്ത് 
X

ലൈംഗിക പീഡനം ആരോപിച്ച് കന്യാസ്ത്രീ പരാതി നല്‍കിയത് വൈകിയാണെന്ന സിറോ മലബാര്‍ സഭയുടെ വാദം പൊളിയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മദര്‍ ജനറല്‍ മൊഴിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടു. 2017 ജനുവരിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കുറവിലങ്ങാട്ട് വെച്ച് മൊഴിയെടുത്തത്. പരാതിയെ തുടര്‍ന്ന് സഭക്കുള്ളില്‍ നിന്ന് ഭീഷണിയുണ്ടായതായും ബന്ധുക്കള്‍ മീഡിയവണിനോട് പറഞ്ഞു.

പീഡനത്തിന്റെ പേരുപറഞ്ഞ് തന്നെ കന്യാസ്ത്രീയും കുടുംബവും ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി താനാണ് ആദ്യം പരാതി നല്‍കിയതെന്നായിരുന്നു ബിഷ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. സഭയ്ക്കുള്ളില്‍ പരാതി നല്‍കിയിട്ടില്ലെന്ന് ജലന്ധറിലെ സന്യാസിനി സമൂഹവും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

2017 ജനുവരിയില്‍ തന്നെ മദര്‍ ജനറലിന് പരാതി നല്‍കിയതാണ്. തെളിവെടുക്കുന്നതിനായി കുറവിലങ്ങാട്ടെ മഠത്തില്‍ മദര്‍ ജനറല്‍ അടക്കമുള്ളവര്‍ എത്തിയെന്നും ഇവര്‍ പറയുന്നു. ഇതിന് തെളിവായി കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടു. പരാതി നല്‍കിയതിന് പിന്നാലെ പലകോണുകളില്‍ നിന്നും ഭീഷണിയുണ്ടായതായും ബന്ധുക്കള്‍ മീഡിയവണിനോട് പറഞ്ഞു.

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പക്കല്‍ തെളിവുകളുണ്ടെന്ന് ഇടവക വികാരി ഫാദര്‍ നിക്കോളാസ് മണിപ്പറമ്പിലും വ്യക്തമാക്കി. അനുനയ ശ്രമത്തിനായി ജലന്ധറില്‍ നിന്നും എത്തിയ മദര്‍ ജനറല്‍ കോട്ടയത്ത് തങ്ങുകയാണ്. എന്നാല്‍ കന്യാസ്ത്രീയെ നേരിട്ട് കാണാന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. രഹസ്യമൊഴി നല്‍കുന്നതിന് മുന്‍പ് കന്യാസ്ത്രീയെ കണ്ട് അനുനയിപ്പിക്കാനാണ് ഇവരുടെ ശ്രമം.

TAGS :

Next Story