Quantcast

വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസ്: മാർ ഗ്രിഗോറിയോസ് പള്ളി വികാരി ഒ എം ശമുവേലിനെ സസ്പെന്‍ഡ് ചെയ്തു

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുന്നു. തി പിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം.

MediaOne Logo

Web Desk

  • Published:

    5 July 2018 5:45 AM GMT

വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസ്: മാർ ഗ്രിഗോറിയോസ് പള്ളി വികാരി ഒ എം ശമുവേലിനെ സസ്പെന്‍ഡ് ചെയ്തു
X

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് സഭ നിലക്കൽ ഭദ്രാസനത്തിലെ ലൈംഗികപീഡന ആരോപണവിധേയനായ വൈദികനെ സസ്പെൻഡ് ചെയ്തു. ഇന്നലെ ചേര്‍ന്ന അടിയന്തര സഭാ കൌണ്‍സിലും മാനേജ്‍മെന്റ് കമ്മിറ്റിയുമാണ് തീരുമാനമെടുത്തത്. സഭാ നേതൃത്വത്തിന് യുവതിയുടെ ഭർത്താവ് നൽകിയ പരാതി മെത്രാപൊലീത്ത ഇടപെട്ട് ഒതുക്കിയെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് അടിയന്തര സഭാ കൗൺസിൽ വിളിച്ച് ചേർത്തത്

ഓർത്തഡോക്സ് സഭ തണ്ണിത്തോട് ആശ്രമത്തിന് കീഴിലുള്ള മാർ ഗ്രിഗോറിയോസ് പള്ളി വികാരി ഒ എം ശമുവേലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഈ കാലയളവിൽ പൗരോഹിത്യ ചുമതലകൾ നിർവഹിക്കാൻ ഇദ്ദേഹത്തിനാവില്ല. മൂന്ന് വൈദികരും നാല് അൽമായരും അടങ്ങുന്ന കൗൺസിലിന്റെയാണ് നടപടി. പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൗൺസിൽ അംഗങ്ങളിൽ നിന്നുള്ളവരെയാണ് അന്വേഷണ കമ്മീഷൻ അംഗങ്ങളായി തിരഞ്ഞെടുക്കുക. ഈ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് സഭാ കൗൺസിൽ വീണ്ടും യോഗം ചേരും.

ചിറ്റാർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയായിരിക്കെ ഒ എം ശമുവേൽ തന്റെ ഭാര്യയെ പീഡിപ്പിച്ചെന്നും ഭാര്യ ഇപ്പോൾ മനോരോഗിയായി മാറിയെന്നും കാട്ടി പ്രവാസിയായ യുവാവ് ജൂൺ ആദ്യവാരമാണ് നിലക്കൽ ഭദ്രാസനം മെത്രാപൊലീത്തക്ക് പരാതി നൽകിയത്. എന്നാൽ ഇത് ഒതുക്കി തീർത്തെന്ന് സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം ഫാദർ മാത്യു വാഴക്കുന്നമാണ് വെളിപ്പെടുത്തിയത്.

കേസിൽ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുകയാണ്. വീട്ടമ്മ മൊഴിയിൽ പരാമർശിച്ചിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നടക്കം വിവിധ സ്ഥലങ്ങളിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിലെ തീർപ്പും തെളിവുകൾ സമാഹരിക്കലും പൂർത്തിയായ ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

തിരുവല്ല ക്രൈം ബ്രാഞ്ച് ഓഫീസിൽ യോഗം ചേർന്നാണ് അന്വേഷണ സംഘം ഭാവി പരിപാടികൾ നിശ്ചയിച്ചത്. ധൃതി പിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. നാല് പ്രതികളിൽ മൂന്ന് പേർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതിനാൽ തീർപ്പ് ഉണ്ടാകുന്നത് വരെ കാക്കും. ഈ കാലയളവിൽ തെളിവുകൾ സമാഹരിക്കും. വൈദികനൊപ്പം യുവതി മുറിയെടുത്ത കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തി അന്വേഷണ സംഘം തെളിവ് ശേഖരിച്ചു.

പരാതിക്കാരിയുടെയും ഭർത്താവിന്റെയും വിശദമായ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാൻ രേഖപ്പെടുത്തി. കൂടുതൽ സാക്ഷി മൊഴികളും തുടർന്നുള്ള ദിവസങ്ങളിൽ ശേഖരിക്കും. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും ശ്രമം പുരോഗമിക്കുന്നുണ്ട്.

TAGS :

Next Story