Quantcast

അനധികൃത നിര്‍മ്മാണങ്ങള്‍ കരിഞ്ചോലമലയില്‍ ഉരുള്‍ പൊട്ടലിന് കാരണമായി

അനധികൃതനിര്‍മാണവും ചെങ്കുത്തായ മലയിലേക്കുള്ള റോഡ് നിര്‍മാണവും ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

MediaOne Logo

Web Desk

  • Published:

    6 July 2018 12:25 PM GMT

അനധികൃത നിര്‍മ്മാണങ്ങള്‍ കരിഞ്ചോലമലയില്‍ ഉരുള്‍ പൊട്ടലിന് കാരണമായി
X

കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമലയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കരിഞ്ചോലമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉരുള്‍പ്പൊട്ടലിന് കാരണമായതായി റിപ്പോര്‍ട്ട്. ഉത്ഭവസ്ഥാനത്തുണ്ടായിരുന്ന കൂറ്റന്‍പാറക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലം ഇളക്കം തട്ടിയത് ദുരന്തത്തിനിടയാക്കി. സിഡബ്യുആര്‍ഡിഎം, ഭൂഗര്‍ഭജലവകുപ്പ്, മണ്ണു സംരക്ഷണവിഭാഗം എന്നിരവരടങ്ങിയ വിദഗ്ധസമിതിയുടേതാണ് റിപ്പോര്‍ട്ട്.

കരിഞ്ചോലമലയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പ്പൊട്ടലിന് കാരണം പ്രദേശത്ത് നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മലയുടെ മുകളില്‍ മണ്ണ്മാന്തി യന്ത്രമുപയോഗിച്ച് മണ്ണ് ഇടിച്ചത് മൂലം പാറകളുടെ അടിഭാഗത്ത് ഇളക്കം തട്ടി. ഈ സ്ഥലങ്ങളിലെ പാറകള്‍ പല അടരുകളായിട്ടാണ് കാണപ്പെടുന്നത്. മേല്‍മണ്ണിന് കനം കുറവാണ്. മലമുകളിലെ മരങ്ങള്‍ നീക്കം ചെയ്തു. യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണിടിച്ചതോടെ മണ്ണിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റം വന്നു.

മൂന്ന് ദിവസം ക്രമാതീതമായി മഴ കൂടി പെയ്തതോടെ ഉരുള്‍പ്പൊട്ടലിന് ഇടയാക്കി. ഉരുള്‍പ്പൊട്ടലിന്റെ ഉദ്ഭവസ്ഥാനത്തുണ്ടായിരുന്ന കൂറ്റന്‍പാറ താഴേക്കെത്തിയതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലസംഭരണിക്കായി കുന്നിടിച്ച് നിരത്തിയിട്ടുണ്ടെങ്കിലും ഇവിടെ ജലസംഭരണി ഉണ്ടായിരുന്ന എന്നകാര്യം ഉറപ്പായിട്ടില്ല. സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.

80 ഡിഗ്രിയോളം ചെരിവുള്ള പ്രദേശത്ത് നടത്തിയ റോഡ് നിര്‍മ്മാണം അശാസ്ത്രീയമായിട്ടായിരുന്നു. വെള്ളം ഒഴുകി പോകുന്നത് തടസ്സപ്പെടുത്തി റോഡ് നിര്‍മ്മിച്ചതും ദുരന്തത്തിലേക്ക് നയിച്ചു. 14 പേര്‍ മരിച്ച സ്ഥലമുള്‍പ്പെടെ എട്ടിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഈ പ്രദേശങ്ങളില്‍ വീണ്ടും ഉരുള്‍പ്പൊട്ടലിന് സാധ്യതയുണ്ടെന്നും അതീവ ശ്രദ്ധപുലര്‍ത്തണമെന്ന കാര്യവും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. സബ്കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്ത ദിവസം സര്‍ക്കാരിന് കൈമാറും.

TAGS :

Next Story