Quantcast

ഇസ്രായേല്‍ പൊലീസിന് യൂണിഫോം ഒരുങ്ങുന്നത് കൂത്തുപറമ്പില്‍ നിന്ന്

പോലീസിന് പുറമെ ഇസ്രായേല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും കുവൈത്ത് ആര്‍മി, എയര്‍ഫോഴ്സ് തുടങ്ങിയവര്‍ക്കും യൂണിഫോം തയ്ക്കുന്നതും ഇവിടെ നിന്നാണ്.

MediaOne Logo

Web Desk

  • Published:

    14 July 2018 1:37 PM IST

ഇസ്രായേല്‍ പൊലീസിന് യൂണിഫോം ഒരുങ്ങുന്നത് കൂത്തുപറമ്പില്‍ നിന്ന്
X

ലോകത്തിലെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സികളിലൊന്നാണ് ഇസ്രായേല്‍ പൊലീസ്. എന്നാല്‍, ഏറ്റവും മികച്ച യൂണിഫോമിനായുളള അവരുടെ അന്വേഷണം ഒടുവില്‍ എത്തിച്ചേര്‍ന്നത് കണ്ണൂരിലാണ്. കൂത്തുപറമ്പ് വലിയ വെളിച്ചം വ്യവസായ പാര്‍ക്കില്‍ നിന്നാണ് ഇസ്രായേല്‍ പൊലീസിന് യൂണിഫോം തയ്‍പ്പിക്കുന്നതെന്ന് അധികമാര്‍ക്കും അറിയാത്ത ഒരു പോലീസ് രഹസ്യമാണ്.

ഇസ്രായേല്‍ പൊലീസ് കഴിഞ്ഞ മൂന്ന് വര്‍ഷം മുന്‍പ് വരെ ഒരു അന്വേഷണത്തിലായിരുന്നു. മികച്ച യൂണിഫോമിനായുളള അന്വേഷണം. ഒടുവില്‍ ആ അന്വേഷണം അവസാനിച്ചത് കൂത്തുപറമ്പ് വലിയ വെളിച്ചം വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍സിലാണ്. പ്രതിവര്‍ഷം അരലക്ഷം യൂണിഫോമുകളാണ് നിലവില്‍ ഇവിടെ നിന്ന് ഇസ്രായേല്‍ പൊലീസ് ആസ്ഥാനത്തേക്ക് പറക്കുന്നത്.

അമേരിക്കയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ആകാശനീല നിറമുളള തുണിയിലാണ് യൂണിഫോം തുന്നുന്നത്. തുന്നലും ഇസ്തിരിയും കഴിയുമ്പോള്‍ ഇസ്രായേല്‍ പൊലീസ് നിയമിച്ച രണ്ട് ഉദ്യോഗസ്ഥര്‍ ഫാക്ടറിയിലെത്തും. അവര്‍ നടത്തുന്ന പരിശോധനക്ക് ശേഷം മാത്രമെ യൂണിഫോമിന് അതിര്‍ത്തി കടക്കാനാവൂ.

പോലീസിന് പുറമെ ഇസ്രായേല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും കുവൈത്ത് ആര്‍മി, എയര്‍ഫോഴ്സ് തുടങ്ങിയവര്‍ക്കും യൂണിഫോം തയ്ക്കുന്നതും ഇവിടെ നിന്നാണ്. മികച്ച ഓര്‍ഡറുകള്‍ കമ്പനിയെ തേടി വരുന്നുണ്ടങ്കിലും മതിയായ ജോലിക്കാരില്ലാത്തതാണ് ഇവര്‍ നേരിടുന്ന പ്രതിസന്ധി.

TAGS :

Next Story