Quantcast

മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി വി ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം

രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. അതേസമയം ഇവരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    14 July 2018 2:11 PM GMT

മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി വി ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം
X

മലബാര്‍ സിമന്റ്‌സ് കമ്പനി മുന്‍ സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീന അന്തരിച്ചു. കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്ററില്‍ വൃക്കരോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു മരണം. 2011 ജനുവരിയിലാണ് ശശിന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മലബാര്‍ സിമന്റ്‌സിലെ അഴിമതിയും ശശീന്ദ്രന്റെ മരണവും സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ടീനയുടെ മരണം. ടീനയുടെ മരണത്തിലും ദുരൂഹതയുണ്ടെന്നാരോപിച്ച് ശശീന്ദ്രന്റ ബന്ധുക്കളും ജനകീയ ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തി.

കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കിയ ടീന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. പനിയെ തുടര്‍ന്നാണ് മൂന്ന് ദിവസം മുമ്പ് ടീനയെ കോവൈ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യസ്ഥിതി മോശമായി. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം.

2011 ജനുവരി 24 നാണ് മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കഥകള്‍ ശശീന്ദ്രനിലൂടെ പുറത്ത് വരുമെന്ന ഭീഷണിയില്‍ കൊലപ്പെടുത്തിയതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ദുരൂഹമരണം സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്നും അഴിമതികള്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഴിമതിക്കേസ് ഫയലുകളിലെ നിര്‍ണായക രേഖകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായ സംഭവത്തോടെയാണ് കേസ് അടുത്തിടെ വീണ്ടും ചര്‍ച്ചയായത്.

TAGS :

Next Story