Quantcast

സംസ്ഥാനത്ത് മഴ കുറഞ്ഞു, ദുരിതം കുറഞ്ഞില്ല

രണ്ടുദിവസമായി മഴ വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും വെള്ളക്കെട്ടുകള്‍ പൂര്‍ണമായും ഒഴിയാത്ത സാഹചര്യമാണ് ഉള്ളത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഇനിയും സമയം എടുക്കുമെന്നാണ് ദുരിതബാധിതര്‍ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    21 July 2018 3:44 PM IST

സംസ്ഥാനത്ത് മഴ കുറഞ്ഞു, ദുരിതം കുറഞ്ഞില്ല
X

ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതം അവസാനിക്കുന്നില്ല. മധ്യകേരളത്തില്‍ വെള്ളംകയറിയ പ്രദേശങ്ങളിലെല്ലാം വെള്ളം താഴ്ന്ന് വരുന്നതേയുള്ളു. പലസ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുകയാണ്. അതേസമയം കഴിഞ്ഞദിവസം കാണാതായ രണ്ടുപേരുടെ മൃതദേഹം ഇന്ന് ലഭിച്ചു.

രണ്ടുദിവസമായി മഴ വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും വെള്ളക്കെട്ടുകള്‍ പൂര്‍ണമായും ഒഴിയാത്ത സാഹചര്യമാണ് ഉള്ളത്. രണ്ട് പതിറ്റാണ്ടിന് ശേഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കോട്ടയത്ത് ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടയിലായി. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഇനിയും സമയം എടുക്കുമെന്നാണ് ദുരിതബാധിതര്‍ പറയുന്നത്.

പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും അപ്പര്‍ കുട്ടനാട്ടിലും ദുരിതം തുടരുകയാണ്. ഈ പ്രദേശങ്ങളിലുള്ള ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. നിലവില്‍ 182 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ഇടുക്കി ഡാമില്‍ 2383.64 അടിയായി ഉയര്‍ന്നു.

അതിനിടെ പിറവം ഓണക്കൂര്‍ ഉഴവൂര്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശങ്കരന്‍ നായരുടെയും തിരുവല്ലയ്ക്ക് സമീപം കവിയൂരില്‍ വെള്ളകെട്ടില്‍ കാണാതായ കോട്ടൂര്‍ പുത്തന്‍വളപ്പില്‍ ബിന്നിയുടെയും മൃതദേഹം കണ്ടെത്തി. സംസ്ഥാനത്ത് 23 വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGS :

Next Story