Quantcast

‘’നീതി കിട്ടി; ഇനിയൊരു മക്കള്‍ക്കും ഇതുപോലെ വരല്ലെ..’’ നിറമിഴികളോടെ പ്രഭാവതിയമ്മ

ഉദയകുമാറിന്‍റെ അമ്മ പ്രഭാവതി നടത്തിയ 13 വര്‍ഷത്തെ നിയമപോരാട്ടമാണ് പൊലീസുകാരുടെ ശിക്ഷയില്‍ എത്തിയത്. എവിടെപ്പോയാലും പ്രതികള്‍ക്ക് ശിക്ഷ ഇളവ് ലഭിക്കില്ലെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 July 2018 8:08 PM IST

‘’നീതി കിട്ടി; ഇനിയൊരു മക്കള്‍ക്കും ഇതുപോലെ വരല്ലെ..’’ നിറമിഴികളോടെ പ്രഭാവതിയമ്മ
X

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിൽ രണ്ടു പേര്‍ക്ക് വധശിക്ഷ ലഭിച്ച വിധിയോട് പ്രതികരണവുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതി. തനിക്ക് നീതി ലഭിച്ചെന്ന് പ്രഭാവതിയമ്മ പ്രതികരിച്ചു. എവിടെപ്പോയാലും പ്രതികള്‍ക്ക് ശിക്ഷ ഇളവ് ലഭിക്കില്ലെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. പൊലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനുമെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. കേസില്‍ ഇന്നലെ പൊലീസുകാർ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു.

''ഞാന്‍ വിളിച്ച വിളി ഭഗവാന്‍ കേട്ടു. അത്രയും മകനുവേണ്ടി നെഞ്ചുരുകി വിളിച്ചു. ഇനിയൊരു മക്കള്‍ക്കും ഇതുപോലെ വരല്ലെ.'' പ്രഭാവതിയമ്മ പറഞ്ഞുനിര്‍ത്തി. നിയമവഴിയില്‍ തനിക്ക് സഹായവുമായി നിന്ന എല്ലാവരോടും കൈകൂപ്പി അവര്‍ നന്ദിയറിയിച്ചു. ഉദയകുമാറിന്‍റെ അമ്മ പ്രഭാവതി നടത്തിയ 13 വര്‍ഷത്തെ നിയമപോരാട്ടമാണ് പൊലീസുകാരുടെ ശിക്ഷയില്‍ എത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്.

2005 സെപ്തംബര്‍ 27ന് ഉച്ചക്കാണ് ഉദയകുമാറിനേയും സുഹൃത്ത് സുരേഷിനെയും മോഷണക്കുറ്റം ആരോപിച്ച് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫോര്‍ട്ട് സിഐയുടെ സ്ക്വാഡില്‍ ഉണ്ടായിരുന്ന ജിതകുമാറും, ശ്രീകുമാറും ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്നാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. ഉച്ചക്ക് പിടിയിലായ ഉദയകുമാര്‍ രാത്രിയോടെയാണ് മരിച്ചത്. ഇരു തുടകളിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് ഉദയകുമാറിന്‍റെ മരണം ഉരുട്ടിക്കൊലയാണെന്ന ആരോപണം ഉയര്‍ന്നത്.

TAGS :

Next Story