Quantcast

പറശ്ശിനിക്കടവിലെ രാജവെമ്പാല കുഞ്ഞുങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന

കൊട്ടിയൂരില്‍ കണ്ടെത്തിയ മുട്ടകളാണ് പറശ്ശിനിക്കടവില്‍ എത്തിച്ചതെന്ന് കാട്ടി സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് വനം വകുപ്പ് പരിശോധന നടത്താന്‍ തീരുമാനിച്ചത്...

MediaOne Logo

Web Desk

  • Published:

    31 July 2018 1:57 PM GMT

പറശ്ശിനിക്കടവിലെ രാജവെമ്പാല കുഞ്ഞുങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന
X

കണ്ണൂര്‍ പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ വിരിഞ്ഞ നാല് രാജവെമ്പാല കുഞ്ഞുങ്ങളുടെ ഡി.എന്‍.എ പരിശോധന നടത്താന്‍ വനം വകുപ്പിന്റെ തീരുമാനം. കൊട്ടിയൂര്‍ വനത്തില്‍ കണ്ടെത്തിയ രാജവെമ്പാലയുടെ മുട്ടകള്‍ പറശ്ശിനിക്കടവിലെ സ്വകാര്യ പാര്‍ക്കിലെത്തിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന. ഡി.എന്‍.എ സാമ്പിളുകള്‍ വനംവകുപ്പ് പരിശോധനക്കായി ശേഖരിച്ചു.

കഴിഞ്ഞ വെളളിയാഴ്ചയാണ് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ നാല് രാജവെമ്പാല കുഞ്ഞുങ്ങള്‍ വിരിഞ്ഞത്. കൃത്രിമ ആവാസ വ്യവസ്ഥയില്‍ രാജവെമ്പാലകളെ ഇണചേര്‍ത്താണ് മുട്ട വിരിയിച്ചെടുത്തതെന്നായിരുന്നു പാമ്പ് വളര്‍ത്തല്‍ കേന്ദ്രം അവകാശപ്പെട്ടത്. തൊട്ട് പിന്നാലെ, കൊട്ടിയൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കണ്ടെത്തിയ ഇരുപത്തിയാറ് രാജവെമ്പാല മുട്ടകളില്‍ ഇരുപത്തി മൂന്നെണ്ണവും വിരിഞ്ഞു. എന്നാല്‍ കൊട്ടിയൂരില്‍ കണ്ടെത്തിയ മുട്ടകളാണ് പറശ്ശിനിക്കടവില്‍ എത്തിച്ചതെന്ന് കാട്ടി സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് വനം വകുപ്പ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

ഇതിനായി പറശ്ശിനിക്കടവില്‍ വിരിഞ്ഞ രാജവെമ്പാല കുഞ്ഞുങ്ങളില്‍ ഒന്നിനെ പൂക്കോട് വെറ്റിനറി കോളേജിലെത്തിച്ച് ഡി.എന്‍.എ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. തുടര്‍ന്ന് സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബില്‍ പരിശോധനക്കയക്കും. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണന്നും രാജവെമ്പാലയുടെ കുഞ്ഞുങ്ങളെ പറശ്ശിനിക്കടവില്‍ വിരിയിച്ചെടുത്തതിന്റെ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും പാര്‍ക്ക് ഡയറക്ടര്‍ ഇ. കുഞ്ഞിരാമന്‍ പറഞ്ഞു.

TAGS :

Next Story