പ്രീത ഷാജിയുടെ പ്രശ്നം കോടതിയുടെ അനുമതിയോടെ തീര്‍ക്കുമെന്ന് സര്‍ക്കാര്‍

വായ്പാതട്ടിപ്പിനിരയായി ജപ്തിഭീഷണി നേരിടുന്ന കൊച്ചി മാനാത്ത്പാടത്തെ പ്രീത ഷാജിയുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. കേസ് കോടതിയിലെത്തുമ്പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ ധനമന്ത്രി തോമസ് ഐസക് അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ നിരാഹാരസമരം തുടരാനാണ് പ്രീത ഷാജിയുടെ തീരുമാനം.
കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്ന് ധനമന്ത്രി തോമസ് ഐസക് സമരസമിതിയും ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. വീട് ലേലത്തില്‍ പിടിച്ച രതീഷ് പങ്കെടുക്കാതിരുന്നതിനാല്‍ ചര്‍ച്ചയില്‍ അന്തിമതീരുമാനം എടുക്കാനായില്ല. എന്നാല്‍ പ്രീത ഷാജിക്കും കുടുംബത്തിനും വലിയ നഷ്ടമുണ്ടാകാതെ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തില്‍ സമാന കേസുകളുണ്ടോ എന്നും അന്വേഷിക്കും. സമഗ്രമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കേസില്‍ അന്തിമ തീരുമാനം ഉണ്ടാകാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രീത ഷാജി.
24 വര്‍ഷം മുമ്പ് 2 ലക്ഷം രൂപയുടെ വായ്പക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് പ്രീത ഷാജി ജപ്തിഭീഷണി നേരിടുന്നത്. കുടിശ്ശിക 2.7 കോടി രൂപയായെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്കിന്റെ ജപ്തി ഭീഷണി. കേസ് നാളെ കോടതി പരിഗണിക്കും.
Adjust Story Font
16

