Quantcast

കരിപ്പൂരിന് ആശ്വാസം; വലിയ വിമാനങ്ങള്‍ക്ക് അനുമതി

സൌദി എയര്‍ലൈന്‍സിന്‍റെ അപേക്ഷയില്‍ ഡി.ജി.സി.എ അനുമതി നല്‍കി. ഫയലില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി എയര്‍പോര്‍ട്ട് അതോറിറ്റി വ്യത്തങ്ങള്‍ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    8 Aug 2018 11:07 AM GMT

കരിപ്പൂരിന് ആശ്വാസം; വലിയ വിമാനങ്ങള്‍ക്ക് അനുമതി
X

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് താമസിയാതെ വലിയ ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കും. സൌദി എയര്‍ലൈന്‍സിന്‍റെ അപേക്ഷയില്‍ ഡി.ജി.സി.എ അനുകൂല തീരുമാനം എടുത്തു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി കോഡ് ഇ ശ്രേണിയില്‍ പെടുന്ന വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നതിനായി സൌദി എയര്‍ലൈന്‍സ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് അന്തിമ അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ജൂലൈ നാലിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കൈമാറുകയും ചെയ്തു. ഇതിന്‍മേലുള്ള നടപടി ക്രമങ്ങള്‍ ഡി.ജി.സി.എ പൂര്‍ത്തിയാക്കി. സര്‍വീസിന് അനുമതി നല്‍കാമെന്നാണ് ഡിജിസിഎ നിലപാട്.

ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും ലഭിച്ചതായാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സൌദി എയര്‍ലൈന്‍സിന് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് താമസിയാതെ പുറത്തിറങ്ങുമെന്നാണ് സൂചന. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി മലബാറിലെ ജനപ്രതിനിധികളും മലബാര്‍ ഡെവലപ്മെന്‍റ് ഫോറവും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാവുകയും ഫയല്‍ ഡിജിസിഎയ്ക്ക് കൈമാറുകയും ചെയ്തത്.

എം.കെ രാഘവന്‍, വി മുരളീധരന്‍, പി.കെ കുഞ്ഞാലികുട്ടി തുടങ്ങിയ എം.പിമാര്‍ ഇക്കാര്യത്തില്‍ വിവിധ ഘട്ടങ്ങളില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി ചര്‍ച്ച നടത്തിയിരുന്നു. വലിയ ഇടത്തരം വിമാനങ്ങളുടെ സര്‍വീസിന് റണ്‍വേ സജ്ജമാണെന്ന് എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധനയിലും കണ്ടെത്തിയിരുന്നു. എയര്‍ ഇന്ത്യയും വരും ദിവസങ്ങളില്‍ സര്‍വീസിന് അനുമതി തേടി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചേക്കും.

TAGS :

Next Story