Quantcast

കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വയനാട്ടില്‍ 14 വരെയും ഇടുക്കിയില്‍ 13 വരെയുമാണ് റെഡ്അലര്‍ട്ട് നീട്ടിയത്.

MediaOne Logo

Web Desk

  • Published:

    10 Aug 2018 7:46 PM IST

കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്
X

ഈമാസം 14 വരെ മഴ യുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലെ റെഡ് അലര്‍ട്ട് നീട്ടി. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ദുരിതബാധിത പ്രദേശങ്ങള്‍ നാളെ മുഖ്യമന്ത്രി സന്ദര്‍ശിക്കും.

അതിശക്തമായ മഴയും ഉരുള്‍പ്പൊട്ടലും ഉണ്ടായ സാഹചര്യത്തിലാണ് നേരത്തെ വയനാട്, ഇടുക്കി, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ 14 വരെ തുടരുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് റെഡ് അലര്‍ട്ട് നീട്ടി. വയനാട്ടില്‍ 14 വരെയും ഇടുക്കിയില്‍ 13 വരെയുമാണ് റെഡ്അലര്‍ട്ട് നീട്ടിയത്.

ആലപ്പുഴ, കോട്ടയം, മലപ്പുറം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. എന്തും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മഴക്കെടുതിയില്‍ 29 പേരാണ് ഇതുവരെ മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് കനത്ത മഴയിൽ കിണറിടിഞ്ഞ് വീണ് പിരപ്പൻകോട് സ്വദേശി സുരേഷ് മരിച്ചു. ഇടുക്കിയിലും മലപ്പുറത്തും വയനാടും മണ്ണിടിഞ്ഞ് കാണാതായ മൂന്ന് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കാലവർഷക്കെടുതി തുടരുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 12 വരെയുള്ള പൊതു പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രി തലസ്ഥാനത്തു തുടരും. നാളെ രാവിലെ ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയുമുണ്ടാകും.

TAGS :

Next Story