Quantcast

മഴ കുറഞ്ഞു, റെഡ് അലര്‍ട്ട് പിന്‍വലിച്ചു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം  

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ഹെലികോപ്റ്ററുകള്‍ കൂടിയെത്തി. കുട്ടനാട്ടിലും പന്തളത്തും കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പറവൂറില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

MediaOne Logo

Web Desk

  • Published:

    21 Aug 2018 3:29 PM IST

മഴ കുറഞ്ഞു, റെഡ് അലര്‍ട്ട് പിന്‍വലിച്ചു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം  
X

മഴ കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ഹെലികോപ്റ്ററുകള്‍ കൂടിയെത്തി. കുട്ടനാട്ടിലും പന്തളത്തും കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ പറവൂറില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. തൃശൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുങ്ങല്‍ വിദഗ്ധരെത്തി.

അതിനിടെ എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് രാവിലെ വരെ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്. കാലാവസ്ഥ അനുകൂലമായതോടെയാണ് റെഡ് അലര്‍ട്ട് പിന്‍വലിച്ചത്. ചെറിയ മഴ മാത്രമേ ഉണ്ടാവൂ എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഏറ്റവുമധികം ആള്‍ക്കാര്‍ കുടുങ്ങിക്കിടന്ന ചെങ്ങന്നൂര്‍, പാണ്ടനാട് മേഖലകളില്‍ നിന്ന് കുറച്ച് പേരെ കൂടി രക്ഷപ്പെടുത്താനുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രാവിലെ ആറ് മണിക്ക് തന്നെ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ചെങ്ങന്നൂര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ വീട് വിട്ടുവരാൻ തയ്യാറാവാത്തത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഭക്ഷണവും വെള്ളവും മതിയെന്നാണ് ഇവരുടെ നിലപാട്.

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കെ.എസ്.ആര്‍.ടി.സി ദേശീയപാതയില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍ വരെയും സര്‍വ്വീസ് ആരംഭിച്ചു. ദീര്‍ഘദൂര ട്രെയിനുകളില്‍ ഓടിത്തുടങ്ങിയില്ലെങ്കിലും പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഷൊര്‍ണ്ണൂര്‍ വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ ദിവസങ്ങള്‍ കൂടി എടുത്തേക്കും. രാവിലെ അവലോകനയോഗം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.

ആലപ്പുഴയിൽ രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന നാല് ബോട്ടുടമകളെ അറസ്റ്റ്‌ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരമാണ് നടപടി. രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്‌പെന്റു ചെയ്യാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്. അതേസമയം കുട്ടനാട് രക്ഷാപ്രവർത്തനം ഏതാണ്ട് പൂർത്തിയായതായി ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു.

TAGS :

Next Story