Quantcast

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് ലോകബാങ്കിന്റെ സഹായം

കേരളം നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സഹായം നല്‍കുന്നത്. ലോകബാങ്ക് പ്രതിനിധികള്‍ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

MediaOne Logo

Web Desk

  • Published:

    29 Aug 2018 4:25 PM GMT

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് ലോകബാങ്കിന്റെ സഹായം
X

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് സഹായം നല്‍കുമെന്ന് ലോകബാങ്കിന്‍റെയും എ‍‍‍ഡിബിയുടേയും ഉറപ്പ്. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരുമായും പ്രതിനിധി സംഘം നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. അടിസ്ഥാന സൌകര്യ വികസനത്തിനും ശുചീകരണത്തിനും സംഘം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായും ലോകബാങ്ക് സംഘം ചര്‍ച്ച നടത്തും.

സംസ്ഥാനത്തെ അടിസ്ഥാന മേഖലയുടെ പുനര്‍നിര്‍മ്മാണം ചൂണ്ടിക്കാട്ടി ലോകബാങ്കില്‍ നിന്നടക്കം വായ്പ തേടാനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ സജീവമാണ്. ഇതിന്‍റെ ആദ്യഘട്ടമായിട്ടാണ് ലോകബാങ്കിന്‍റേയും, എ‍ഡിബിയുടേയും പ്രതിനിധികള്‍ തലസ്ഥാനത്തെത്തിയത്. ചീഫ് സെക്രട്ടറിയുമായി സംഘം രാവിലെ കൂടിക്കാഴ്ച നടത്തിയാണ് ധനസഹായവാഗ്ദാനം ലോകബാങ്ക് എഡിബി പ്രതിനിധികള്‍ മുന്നോട്ട് വച്ചത്. സംസ്ഥാനത്തിന് വേണ്ടി വായ്പ നടപടികള്‍ ലഘൂകരിക്കും. സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ധനസഹായം നല്‍കാനാണ് ധാരണ. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സംഘത്തിലുണ്ടായ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനത്തുണ്ടായ നഷ്ടത്തിന്‍റെ പ്രാഥമിക കണക്ക് ചീഫ് സെക്രട്ടറി പ്രതിനിധി സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് വകുപ്പ് സെക്രട്ടറിമാരുമായും സംഘം കൂടിക്കാഴ്ച നടത്തി. ഓരോ വകുപ്പുകള്‍ക്ക് കീഴിലുണ്ടായ നഷ്ടം വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരിച്ചു. കുറഞ്ഞ പലിശ നിരക്കില്‍ ദീര്‍ഘകാല വായ്പ ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ ആലോചന. ലോകബാങ്കിന്‍റേയും എഡിബിയുടേയും സഹായത്തോടെ വിവിധ പദ്ധതികള്‍ നേരത്തെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. പ്രളയത്തിന് ശേഷം ആ പദ്ധതികളുടെ അവസ്ഥയും സംഘം പരിശോധിക്കും.

TAGS :

Next Story