Quantcast

കേരളത്തിന്റെ സ്വന്തം സൈനികര്‍ക്ക് എന്നിട്ടും അവഗണന മാത്രം

സര്‍ക്കാര്‍ ആദരിച്ചവരുടെ കൂട്ടത്തില്‍പ്പെടാന്‍ കഴിയാതെ ഒരു കൂട്ടം മത്സ്യതൊഴിലാളികള്‍. ആദരിക്കപ്പെട്ട ചടങ്ങിലും മണിക്കൂറുകള്‍ കാത്തിരുന്നിട്ടും സംഘാടകര്‍ ആരും പരിഗണിച്ചില്ലെന്നും ആരോപണം

MediaOne Logo

Web Desk

  • Published:

    1 Sept 2018 7:24 AM IST

കേരളത്തിന്റെ സ്വന്തം സൈനികര്‍ക്ക് എന്നിട്ടും അവഗണന മാത്രം
X

സര്‍ക്കാര്‍ ആദരിച്ചവരുടെ കൂട്ടത്തില്‍പ്പെടാന്‍ കഴിയാതെ ഒരു കൂട്ടം മത്സ്യതൊഴിലാളികള്‍. തിരുവനന്തപുരം പെരുമാതുറ പുതുക്കുറിച്ചിലെ മത്സ്യതൊഴിലാളികളാണ് പ്രളയത്തില്‍ രക്ഷകരായെത്തിയിട്ടും സര്‍ക്കാരിന്റെ ശ്രദ്ധ പതിയാത്തതിന്റെ വേദന മീഡിയവണിനോട് പങ്കുവെച്ചത്.

ജലാലുദ്ദീന്‍ സുല്‍ഫി, നിഷാദ് സുല്‍ഫി, അബ്ദുല്‍ സമദ് അബു, ഹജ്ജ് മുഹമ്മദ് സലീം, നജീബ് ജലീല്‍, അല്‍ അമീന്‍ ഇവര്‍ പ്രളയം രൂക്ഷമായ 17, 18 തീയതികളില്‍ ‍ഹരിപ്പാട് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവരാണിവര്‍. രണ്ടു ബോട്ടുകളിലായെത്തിയ ഈ ആറുപേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും കേരളത്തിന്റെ സ്വന്തം സൈന്യത്തെ ആദരിച്ചപ്പോള്‍ പക്ഷേ ആ പട്ടികയില്‍ ഇവര്‍ക്ക് ഇടം ലഭിച്ചില്ല. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചാണ് ഇവരും രക്ഷാപ്രവര്‍ത്തനം നടത്തിയത്

രക്ഷാപ്രവര്‍ത്തനത്തില്‍ പോയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതാണ് ഇവര്‍ ഒഴിവാക്കപ്പെടാന്‍ കാരണമെന്നാണ് സൂചന. സര്‍ക്കാര്‍ അവഗണിച്ച ഇവര്‍ക്ക് പുതുക്കുറിച്ചി മുസ്‍ലിം ജമാഅത്ത് പ്രാദേശികമായി സ്വീകരണം നല്‍കി. വൈകിയാണെങ്കിലും സര്‍ക്കാര്‍ ഇവരുടെ സേവനത്തെ തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് പുതുക്കുറിച്ചി നിവാസികളും.

ആദരിക്കപ്പെട്ട ചടങ്ങിലും അവഗണന

പത്തനംതിട്ട പന്തളത്ത് പ്രളയദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളെ ആദരിച്ച ചടങ്ങില്‍ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും സംഘാടകര്‍ ആരും പരിഗണിച്ചില്ലെന്നാരോപിച്ചാണ് ഒരു വിഭാഗം മത്സ്യ തൊഴിലാളികല്‍ വേദിക്ക് മുന്നില്‍ പ്രതിഷേധിച്ചത്.

പന്തളം പൌരാവലിയുടെ ആഭിമുഖ്യത്തിലാണ് പന്തളത്ത് മത്സ്യതൊഴിലാളികളെ ആദരിക്കല്‍ ചടങ്ങ് നടന്നത്. ചിറ്റയം ഗോപകുമാര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍‌ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനായിരുന്നു മുഖ്യാതിഥി. പന്തളത്ത് പ്രളയമെത്തിയപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ മത്സ്യ തൊഴിലാളികളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ആദരിക്കല്‍ ചടങ്ങ് ചിലരില്‍ മാത്രമായി ഒതുങ്ങിയതാണ് പ്രതിഷേധത്തിന് കാരണം

പന്തളത്ത് നാല് ദിവസത്തോളം രക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സംഘാടകര്‍ തയ്യാറായിട്ടില്ല.

TAGS :

Next Story