പാലക്കാട് പെരുവമ്പ് സ്കൂളില്‍ ജപ്തി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയവണ്‍ സംഘത്തിന് മര്‍ദനം

പാലക്കാട് പെരുവെമ്പ് സി.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജപ്തി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയവണ്‍ വാര്‍ത്താ സംഘത്തിന് മര്‍ദനം റിപ്പോര്‍ട്ടര്‍ സാജിദ് അജ്മല്‍, ക്യാമറ പേഴ്‌സണ്‍ വസീം മുഹമ്മദ്, ഡ്രൈവര്‍ നാസര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
അധ്യാപക നിയമനത്തിന് പണം വാങ്ങിയ ശേഷം നിയമനം നടത്തിയില്ലെന്ന പരാതിയിലാണ് സ്‌കൂള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ജപ്തി നടപടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയ വണ്‍ വാര്‍ത്ത സംഘത്തെ മാനേജര്‍ ഹംസത്ത് അലിയും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സ്‌കൂളിന് അകത്തേക്ക് തള്ളി കയറ്റി റിപ്പോര്‍ട്ടര്‍ സാജിദ് അജ്മലിന്റെ കഴുത്തിന് മാനേജര്‍ ഹംസത്ത് അലി അടിച്ചു. തുടര്‍ന്ന് ക്‌ളാസ് റൂമിനകത്ത് അരമണിക്കൂറിലധികം തടഞ്ഞുവെച്ചു. ഉള്ളില്‍വെച്ച് ക്യാമറമാന്‍ വസീമിനെയും നാസറിനെയും മര്‍ദിച്ചു.
ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്ന് നീക്കിയാല്‍ മാത്രമെ പോകാന്‍ അനുവദിക്കൂ എന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലം പ്രയോഗിച്ച് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു. പരിക്കേറ്റ മൂന്ന് പേരെയും പാലക്കാട് ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പൊതുനഗരം പൊലീസ് പരിക്കേറ്റവരുടെ മൊഴിയെടുത്തു. കെ.യു.ഡബ്ല്യു.ജെ പാലക്കാട് ജില്ലാ കമ്മിറ്റി അക്രമത്തില്‍ പ്രതിഷേധം അറിയിച്ചു.
Adjust Story Font
16

