എറണാകുളത്തും തൃശൂരിലും വന്‍ എ.ടി.എം കവര്‍ച്ച; സി.സി.ടി.വി ദൃശ്യം പുറത്ത്
തൃശൂര്‍ കൊരട്ടി സൌത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മിലും എറണാകുളം ഇരുമ്പനത്ത് എസ്.ബി.ഐ എ.ടി.എമ്മിലുമാണ് കവര്‍ച്ച നടന്നത്.

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ എ.ടി.എമ്മുകളില്‍ മോഷണം. തൃശൂര്‍ കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മിലും എറണാകുളം ഇരുമ്പനത്ത് എസ്.ബി.ഐ എ.ടി.എമ്മിലുമാണ് കവര്‍ച്ച നടന്നത്. കോട്ടയത്ത് രണ്ടിടങ്ങളിലും കൊച്ചി കളമശ്ശേരിയിലും മോഷണ ശ്രമം നടന്നെങ്കിലും പണം നഷ്ടമായില്ല. ഒരേ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച വാഹനം ചാലക്കുടിയില്‍ നിന്ന് പൊലീസ് കണ്ടെത്തി.
എറണാകുളം ഇരുമ്പനത്തെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറില്‍ നിന്ന് 25 ലക്ഷവും തൃശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍റെ ബാങ്കിന്‍റെ കൗണ്ടറില്‍ നിന്ന് 10,60,000 രൂപയുമാണ് കവര്‍ന്നത്. രാവിലെ പത്ത് മണിക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് എ.ടി.എം കൗണ്ടറിന്‍റെ ഷട്ടര്‍ താഴ്ത്തി ഇട്ടത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുമ്പനത്തെ കവര്‍ച്ച വിവരവും പുറത്ത് വന്നു.
കോട്ടയം വെമ്പള്ളിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെയും മോനിപ്പള്ളിയിലെ എസ്.ബി.ഐയുടെയും എ.ടി.എമ്മുകളില്‍ കവര്‍ച്ച ശ്രമം നടന്നു. ഈ കൗണ്ടറുകളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ സ്പ്രേ ചെയ്ത് ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. കൊച്ചി കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിലെ എ.ടി.എമ്മിലും കവര്‍ച്ച ശ്രമം നടന്നതായി പൊലീസ് പറഞ്ഞു. സ്പ്രേ പെയിന്‍റടിച്ച് സി.സി.ടി.വി മറച്ച ശേഷമാണ് കവര്‍ച്ച ശ്രമം. വാണിംഗ് അലാം മുഴങ്ങിയതോടെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
തൃശൂര്‍ കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ക്യാമറയില്‍ മോഷ്ടാക്കളുടെ ചില ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പിക്കപ് വാനിലാണ് മൂന്നംഗ സംഘം എത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹന നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇത് കോട്ടയം കോടിമാതയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ വൈകീട്ട് ആറ് മണിയോടെ ചാലക്കുടിയില്‍ നിന്ന് വാഹനം കണ്ടെത്തി. വാഹനം ഉപേക്ഷിച്ച സാഹചര്യത്തില്‍ ട്രെയിന്‍ മാര്‍ഗം കവര്‍ച്ചാ സംഘം രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Adjust Story Font
16

