തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ പമ്പയിലെ കടയുടമകള്‍ പ്രതിസന്ധിയില്‍
വലിയ തുക നൽകിയാണ് ഇവർ കടമുറികള്‍ ലേലത്തിനെടുത്തത്. നിലവിൽ ലേലതുക പോലും തിരിച്ച് കിട്ടാൻ സാധ്യതയില്ലെന്നാണ് ഇവർ പറയുന്നത്

ശബരിമലയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പമ്പയിലെ കടയുടമകള്‍. വലിയ തുക നൽകിയാണ് ഇവർ കടമുറികള്‍ ലേലത്തിനെടുത്തത്. നിലവിൽ ലേലതുക പോലും തിരിച്ച് കിട്ടാൻ സാധ്യതയില്ലെന്നാണ് ഇവർ പറയുന്നത്.
പ്രതീക്ഷിച്ചത് പോലെ തീർത്ഥാടകർ എത്താത്തതാണ് പമ്പയിലെ കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ അറുപതിനായിരം മുതൽ എൺപതിനായിരം തീർത്ഥാടകരാണ് ദിനം പ്രതി വന്നിരുന്നത്. എന്നാൽ ഇപ്പോൾ ശരാശരി മുപ്പതിനായിരം പേർ മാത്രമാണ് എത്തുന്നത് . ഇതോടെ കടകളിലേക്കെത്തുന്ന ഉപഭോക്താക്കളുടെ എണ്ണവും പാടെ കുറഞ്ഞു.
മലയാളികളായ ഭക്തരുടെ വരവ് പാടെ കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. പൊരി ഉൾപ്പെടെയുള്ള ബേക്കറി ഉൽപന്നങ്ങൾ കൂടുതൽ വാങ്ങുന്നത് മലയാളികളാണ്. പല കടകളിലും ആളുകളെത്താത്തതിനാൽ സാധനങ്ങൾ കെട്ടിക്കിടക്കുകയാണ്.
വലിയ തുകയ്ക്ക് കട സ്വന്തമാക്കിയ ഇവർക്ക് ഭക്തരുടെ എണ്ണം വർദ്ധിച്ചിലെങ്കിൽ ലേലതുക പോലും തിരിച്ച് കിട്ടാൻ സാധ്യതയില്ല. പ്രതിസന്ധി ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിനെ സമീപിക്കാനൊരുങ്ങുകയാണ് പല കച്ചവടക്കാരും.
Adjust Story Font
16

