സി.പി.എം കോഴിക്കോട് ഓഫീസിന് നേരെ ബോംബേറ്: ആര്‍.എസ്.എസ് നേതാക്കള്‍ പിടിയില്‍
ആർ.എസ്.എസ് ജില്ലാ കാര്യവാഹക് എൻ.പി രൂപേഷ്, ആര്‍.എസ്.എസ് പ്രവർത്തകൻ ഷിജിൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പേര്‍ കസ്റ്റഡിയിലാണ്.

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍.ബോംബെറിഞഞ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ വിദേശത്തേക്ക് കടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആക്രമണ സമയത്ത് ഓഫീസിലുണ്ടായിരുന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രതികളെ തിരിച്ചറിഞ്ഞു. ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് അറസ്റ്റെന്നാണ് ബി.ജെ.പി നേത്യത്വത്തിന്റെ പ്രതികരണം.
സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ദില്ലിയില്‍ വെച്ചുണ്ടായ ആക്രമണത്തിന് ശേഷം കോഴിക്കോട് ജില്ലയിലുണ്ടായ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തിന്റെ ഭാഗമായാണ് ബോബേറുണ്ടായത്. 2017 ജൂണ്‍ ഒന്‍പതിന് പുലര്‍ച്ചെ ഒന്നരക്ക് ബോംബെറിഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി പി.മോഹനനും ഓഫീസിലുണ്ടായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് കോടുപാടുകളും ഉണ്ടായി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് എന്‍.പി രൂപേഷ്, ഷിജിന്‍ എന്നിവരെ പി.മോഹനന്‍ തിരിച്ചറിഞ്ഞു. മറ്റ് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ട്.
ആര്‍.എസ്.എസ്സിന്‍റെ വടകര ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞതെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് സൂചന. കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു.കെ.സ്റ്റീഫന്‍ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Adjust Story Font
16

