പ്രളയത്തില്‍ വീട് തകര്‍ന്ന വീട്ടമ്മക്ക് വീട് നിര്‍മിച്ച് നല്‍കി പൊലീസുകാര്‍
നന്മ നിറഞ്ഞ പൊലീസുകാര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നതോടെ 15 ലക്ഷം രൂപക്ക് വീടുയര്‍ന്നു.

പ്രളയത്തില്‍ വീട് തകര്‍ന്ന വീട്ടമ്മക്ക് വീട് നിര്‍മിച്ച് നല്‍കി മാതൃകയാവുകയാണ് തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍. നന്മ നിറഞ്ഞ പൊലീസുകാര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നതോടെ 15 ലക്ഷം രൂപക്ക് വീടുയര്‍ന്നു.
തെറ്റിയാര്‍ തോട് കര കവിഞ്ഞൊഴുകിയപ്പോള്‍ കുളത്തൂര്‍ പുലിമുട്ടം സ്വദേശി നസീമ ബീവിക്ക് നഷ്ടമായത് കിടപ്പാടമാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയശേഷം നസീമ ബീവി ഭിന്നശേഷിയുള്ള സഹോദരിക്കും മകനുമൊപ്പമാണ് താമസം. ആകെയുള്ള വീടും തകര്‍ന്നതോടെ ഇവര്‍ തളര്‍ന്നു. നസീമ ബീവിയുടെ ദുരിതം മനസിലാക്കിയാണ് തുമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ വീട് വെച്ച് നല്‍കാന്‍ തീരുമാനിച്ചത്.
60 ദിവസം കൊണ്ടാണ് 820 സ്ക്വയര്‍ ഫീറ്റുള്ള വീട് പൂര്‍ത്തിയായത്. വീടിന്‍റെ താക്കോല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നസീമക്ക് നല്‍കി. അടച്ചുറപ്പുള്ള വീട് സ്വന്തമായതിന്‍റെ ആശ്വാസത്തിലാണ് നസീമ ബീവി. പുതിയ വീട്ടിലേക്ക് ഒരു കട്ടിലും അലമാരയും കൂടി നല്‍കിയ പൊലീസുകാരുടെ നന്മക്ക് കയ്യടിക്കുകയാണ് നാട്ടുകാര്‍.
Adjust Story Font
16

