വിദേശ നിർമ്മിത വിദേശ മദ്യവും വൈനും ബാറുകള്‍ വഴിയും ബിയർ പാർലറുകള്‍ വഴിയും വില്‍ക്കാന്‍ അനുമതി
നേരത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‍ലറ്റ് വഴി വില്‍പ്പനക്ക് അനുമതി നല്‍കിയിരുന്നു.

വിദേശ നിർമ്മിത വിദേശ മദ്യവും വൈനും ബാറുകള്‍ വഴിയും ബിയർ പാർലറുകള്‍ വഴിയും വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി. നേരത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‍ലറ്റ് വഴി വില്‍പ്പനക്ക് അനുമതി നല്‍കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഉത്തരവില്‍ വ്യക്തത വരുത്തി എക്സൈസ് കമ്മീഷണർ പുതിയ ഉത്തരവ് പുറത്തിറക്കി.
ബിവറേജസ് ഔട്ട്‍ലറ്റുകള്‍ വഴി വിദേശ നിര്‍മ്മിത വിദേശമദ്യം വില്‍ക്കാന്‍ അനുമതി ലഭ്യമാക്കിയതിന് പിന്നാലെയാണ് ബാറുകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്. ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണര്‍ പുതിയ ഉത്തരവ് ഇറക്കിയത്. വിദേശ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പനയിലൂടെ 60 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക്.
നികുതി വരുമാനം വഴി സര്‍ക്കാര്‍ ഖജനാവിലും കൂടുതല്‍ തുക എത്തുമെന്നാണ് പ്രതീക്ഷ. ആഗസ്ത് 20 മുതല്‍ ബീവറേജസ് കോര്‍പ്പറേഷനില്‍ വില്‍പന ആരംഭിച്ചിട്ടുണ്ട്. 4 വിതരണക്കാരുടെ 30 ബ്രാൻറുകളാണ് ഇപ്പോള്‍ വിൽക്കുന്നത്. ഇതുവരെ 6 കോടിയുടെ വിൽപനയാണ് നടന്നത്.
കരാർ ഒപ്പിട്ടുള്ള മറ്റ് അഞ്ച് വിതരണക്കാരുടെ പുതിയ ബ്രാൻഡുകളും വൈകാതെ വിപണിയിൽ എത്താനിരിക്കെയാണ് ബാറുകള്‍ക്കും വിദേശ മദ്യം വിൽക്കാൻ അനുമതി നൽകിയത്. വിദേശ നിര്‍മിത വിദേശ മദ്യം അനധികൃതമായി കച്ചവടം നടത്തുന്നതിനാല്‍ സര്‍ക്കാരിനു വരുമാന നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനാണ് വിദേശനിര്‍മിത വിദേശമദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി ഇറക്കുമതി ചെയ്യുന്നതെന്നു സര്‍ക്കാര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. പുതിയ ഉത്തരവ് വഴി സര്‍ക്കാരിന് വരുമാനം കൂടും.
Adjust Story Font
16

