മണ്ഡല കാലം തുടങ്ങി ഇരുപത് ദിവസം; തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് കണക്കുകൾ
വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാവുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്

മണ്ഡല കാലം തുടങ്ങി ഇരുപത് ദിവസം പിന്നിടുമ്പോൾ ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുള്ളതായി കണക്കുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻകുറവാണ് ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ച്ച വരെയുള്ള കണക്കുകൾ പ്രകാരം ഏഴ് ലക്ഷത്തി എഴുപത്തി അയ്യായിരത്തി തൊണ്ണായിരത്തി പതിനൊന്ന് പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് പാടെ കുറവാണ്. ശരാശരി 40837 പേർ മാത്രമാണ് ഒരു ദിവസം മല ചവിട്ടുന്നത്. മുൻ വർഷങ്ങളിൽ ഇത് 80000ത്തിന് മുകളിലായിരുന്നു. മലയാളികളായ തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ദർശനത്തിനെത്തുന്നവരിൽ ഏറെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സംഘർഷങ്ങളും പ്രചരണങ്ങളുമാണ് തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണമായതെന്ന് ഭക്തർ പറയുന്നു. മണ്ഡല കാലം തുടങ്ങി ആദ്യ ആഴ്ച്ച ശരാശരി 31600 പേരാണ് മല ചവിട്ടിയിരുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ട്. അവസാന ആഴ്ചയിലെ കണക്കുകകൾ പ്രകാരം 51661 പേരാണ് ഒരു ദിവസം മല ചവിട്ടുന്നത്. വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാവുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

