Quantcast

11 വയസ്സുകാരിക്ക് നൃത്താധ്യാപികയുടെ ക്രൂരമര്‍ദ്ദനം

ഇടുക്കി കുമളിയില്‍ മോഷണക്കുറ്റം ആരോപിച്ച് പതിനൊന്ന് വയസ്സുകാരിക്ക് ക്രൂരമര്‍ദനം

MediaOne Logo

Web Desk

  • Published:

    7 Dec 2018 5:45 PM IST

11 വയസ്സുകാരിക്ക് നൃത്താധ്യാപികയുടെ ക്രൂരമര്‍ദ്ദനം
X

മോഷണകുറ്റം ആരോപിച്ച് ഇടുക്കി കുമളിയില്‍ പതിനൊന്ന് വയസുകാരിക്ക് നൃത്ത അധ്യാപികയുടെ ക്രൂരമർദ്ദനം. സംഭവത്തില്‍ സാമൂഹ്യ പ്രവര്‍ത്തക കൂടിയായ ശാന്താ മേനോനെതിരെ ചൈൽസ് ലൈനും പൊലീസും കേസെടുത്തു. മർദ്ദനത്തിൽ പരിക്കേറ്റ പെൺകുട്ടി കുമളി സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പെൺകുട്ടിക്കാണ് നൃത്താധ്യാപികയുടെ മർദനമേറ്റത്. കഴിഞ്ഞ എട്ടുമാസമായി പെൺകുട്ടി അമൃത നൃത്ത കലാഭവന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയും നൃത്ത അധ്യാപികയുമായ ശാന്താമേനോന്റെ വീട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്.

കുമളി ഗവൺമെൻറ് ട്രൈബൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസം അധ്യാപകർ തിരക്കിയതിനെ തുടര്‍ന്നാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയത്. തുടർന്ന് ചെന്നൈയിൽ ജോലി ചെയ്യുന്ന മാതാവിനെ സ്കൂള്‍ അധികൃതര്‍ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച ചൈല്ഡ് ലൈനില്‍ പെണ്‍കുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കുമളി ഗവൺമെൻറ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ വായിൽ തുണി തിരുകി കൈകൾ ബന്ധിച്ച് ക്രൂരമായി മർദ്ദിക്കുന്നത് പെണ്‍കുട്ടിയുടെ മുത്തശ്ശി കണ്ടതായും പറയുന്നു. ശാന്താമേനോൻ കുമളിയിലെ പ്രശസ്ത നൃത്താധ്യാപികയാണ്. വീട്ടുജോലി ചെയ്തില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്നു പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയില്‍ പറയുന്നു. ശാന്തമേനോന്റെ ബാഗില്‍നിന്ന് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചും മര്‍ദ്ദിച്ചെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കുമളി പൊലീസും, ചൈല്‍ഡ് ലൈനും നൃത്ത അധ്യാപികയായ ശാന്താമേനോനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

TAGS :

Next Story