Quantcast

ശബരിമല വിഷയത്തില്‍ ഇന്നും പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

ചോദ്യോത്തരവേള ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. 

MediaOne Logo

Web Desk

  • Published:

    7 Dec 2018 1:41 PM IST

ശബരിമല വിഷയത്തില്‍ ഇന്നും പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
X

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. എം.എൽ.എമാരുടെ നിരാഹാരം അവസാനിപ്പിക്കാൻ സർക്കാർ ഒരു വീട്ടുവീഴ്ചക്കും തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.നിലവിൽ സത്യഗ്രഹം അനുഷ്ഠിക്കുന്ന എം.എൽ.എമാർ തന്നെ സമരം തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, പ്രതിപക്ഷ എം. എൽ.എമാരുടെ നിരാഹാരം അവസാനിപ്പിക്കാൻ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ ബഹളം കടുത്തതോടെ ചോദ്യോത്തര വേളയും സബ് മിഷനും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കി 17ാം മിനിട്ടിൽ സഭ പിരിഞ്ഞു. സമരം അവസാനിപ്പിക്കാൻ സ്പീക്കർ ചില ശ്രമങ്ങൾ നടത്തിയെങ്കിലും സർക്കാർ വിട്ട് വീഴ്ചക്ക് തയ്യാറായില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ആളുകൾ വന്നാൽ അസൗകര്യങ്ങൾ ബോധ്യപ്പെടുമെന്നും അതിൽ നിന്ന് രക്ഷപ്പെടാനാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുന്നതെന്നും എ. കെ മുനീറും ആരോപിച്ചു. നിലവിൽ നാളെ രാത്രി വരെയാണ് നിരോധാനഞ്ജ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നീട്ടിയാൽ 13 ന് സഭ അവസാനിക്കും വരെ സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

TAGS :

Next Story