‘കോടതിവിധി വരുത്തിവെക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് നിയമനിര്‍മ്മാണം നടത്താം’
‘വിധിയിലൂടെ വിട്ടുപോയ കാര്യങ്ങള്‍ കോടതിയെ തന്നെയാണ് അറിയിക്കേണ്ടത്. ക്രമം ഉണ്ടാക്കാനും അക്രമം ഇല്ലാതാക്കാനുമാണ് നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്’

കോടതി വിധിയിലൂടെ സമൂഹത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് കോടതി പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താമെന്ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്. മൗലികാവകാശങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ ജഡ്ജിമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്‍റണിയും പറഞ്ഞു. ജസ്റ്റിസ് കുര്യന്‍ ജോസഫിന് ഡല്‍ഹിയില്‍ മലയാളി കൂട്ടായ്മ നല്‍കിയ യാത്രയപ്പ് യോഗത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.
മൗലികാവകാശങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ ജഡ്ജിമാര്‍ കൂടുതല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് സമൂഹത്തില്‍ അനാവശ്യ സംഘര്‍ഷത്തിന് കാരണമാകുമെന്ന് എ.കെ ആന്‍റണി അഭിപ്രായപ്പെട്ടു. ഇതിന് ഉദാഹരണമാണ് സുപ്രീംകോടതിയുടെ ശബരിമലയിലെ സ്ത്രീപ്രവേശന വിധി. കേരളസമൂഹത്തെ വിധി രണ്ടായി വിഭജിച്ചിരിക്കുകയാണെന്നും ആന്‍റണി പറഞ്ഞു.
കോടതി വിധിയിലൂടെ സമൂഹത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് കോടതി പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫും പറഞ്ഞു. വിധിയിലൂടെ വിട്ടുപോയ കാര്യങ്ങള്‍ കോടതിയെ തന്നെയാണ് അറിയിക്കേണ്ടത്. ക്രമം ഉണ്ടാക്കാനും അക്രമം ഇല്ലാതാക്കാനുമാണ് നിയമങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ജഡ്ജിമാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്‍റെ പ്രസ്താവന തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. പരിപാടിയില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷണന്‍, സി.പി.എം പി.ബി അംഗം എം.എ ബേബി എന്നിവരും പങ്കെടുത്തു.
Adjust Story Font
16

