Quantcast

ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ ബി.ജെ.പിയുടെ വ്യാജ പ്രസ്താവന; പരാതിയുമായി ഷാജി കൈലാസും വി.ആർ സുധീഷും 

MediaOne Logo

Web Desk

  • Published:

    7 Dec 2018 9:41 PM IST

ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ ബി.ജെ.പിയുടെ വ്യാജ പ്രസ്താവന; പരാതിയുമായി ഷാജി കൈലാസും വി.ആർ സുധീഷും 
X

ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ സാംസ്‌കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും പേരിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ തങ്ങളുടെ പേരുകൾ അനുവാദമില്ലാതെ ഉൾപ്പെടുത്തിയതിനെതിരെ സംവിധായകൻ ഷാജി കൈലാസും എഴുത്തുകാരൻ വി.ആർ.സുധീഷും രംഗത്തെത്തി. ശബരിമലയിലെ നിയന്ത്രണങ്ങളിലും അയ്യപ്പ ഭക്തർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിക്കുന്നുവെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും പേരിലിറങ്ങിയ പ്രസ്താവനയില്‍ പറയുന്നത്. ജയിലിലായിരുന്ന ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെ വിട്ടയക്കണമെന്നും ഇന്നലെ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നുണ്ട്.

ഷാജി കൈലാസ്, വി. ആർ. സുധീഷ്, എം.ജി.എസ്. നാരായണൻ, ഡോ.കെ.എസ്.രാധാകൃഷ്‌ണൻ, പി.പരമേശ്വരൻ, എസ്. രമേശൻ നായർ, നടൻ സുരേഷ് ഗോപി എംപി, മാടമ്പ് കുഞ്ഞു കുട്ടൻ, ശത്രുഘ്‌നൻ, യു. കെ കുമാരൻ എന്നിവരും പ്രസ്താവനയിൽ ഒപ്പ് വെച്ചതായി കാണിക്കുന്നുണ്ട്. പക്ഷെ പ്രസ്‍താവനയിൽ ഒരു വിധേനയും ഒപ്പ് വെച്ചിട്ടില്ലെന്ന് ഷാജി കൈലാസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങൾ യോജിക്കുന്നുമില്ല.

പ്രസ്താവനയിൽ ഒപ്പ് വെച്ചിട്ടില്ലെന്ന് എഴുത്തുകാരൻ വി.ആർ. സുധീഷും വ്യക്തമാക്കി. 'ഞാൻ ഈ പ്രസ്താവനയിൽ ഒപ്പിട്ടില്ല. അത് എന്റെ നിലപാടല്ല. ഇത് ദുരുദ്ദേശപരമാണ്'. വി. ആർ. സുധീഷ് പ്രതികരിച്ചു.

പ്രസ്താവനയിലെ ബാക്കിയുള്ള പേരുകൾ എത്രത്തോളം കൃത്യമായി സമ്മതത്തോടെ ചേർത്തതാണ് എന്ന സംശയത്തിലാണ് ആളുകൾ. സാമൂഹിക മാധ്യമങ്ങളിലെ നിരവധി പേരാണ് പ്രസ്താവനയുടെ ആധികാരികത ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുള്ളത്.

TAGS :

Next Story