ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടണമെന്ന് പൊലീസ്
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജനെയും ബി.ജെ.പി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജനെയും ബി.ജെ.പി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് പോലീസ് നൽകിയെങ്കിലും ഇത് കൈപ്പറ്റാൻ നേതാക്കൾ തയ്യാറാകാത്തതിനെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കളക്ടർക്ക് റിപ്പോർട്ട് നൽകി.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജന്റെ നേതൃത്വത്തിൽ പത്തോളം വരുന്ന പ്രവർത്തകർ നിലക്കലിലെത്തിയത്. വാഹനത്തിൽ നിന്നിറങ്ങി ശരണം വിളിച്ചു മുന്നോട്ടു പോകാൻ ശ്രമിച്ച ഇവരെ പോലീസ് തടഞ്ഞു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളടങ്ങിയ നോട്ടീസ് പോലീസ് കൈമാറിയെങ്കിലും ഇത് കൈപ്പറ്റാൻ നേതാക്കൾ തയ്യാറായില്ല. തുടർന്ന് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത് നീക്കിയ ഇവരെ പെരിനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധരാത്രി തീരാനിരിക്കെ, നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടർക്ക് റിപ്പോർട്ട് നൽകി. ബി.ജെ.പിയുടെ നിരോധനാജ്ഞ ലംഘനവും സന്നിധാനത്തെ നാമജപവും തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നീട്ടാനാണ് സാധ്യത.
Adjust Story Font
16

