കണ്ണൂരില്‍ നിന്നുള്ള വിമാനയാത്ര; മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും സി.പി.എം നേതാക്കള്‍ക്കും ടിക്കറ്റെടുത്തത് സര്‍ക്കാര്‍ സ്ഥാപനം
ഗോ എയര്‍ വിമാനത്തിലുള്ള യാത്രക്കായി 64 പേര്‍ക്കുള്ള ടിക്കറ്റ് നിരക്കായ 228000 രൂപ ഒഡേപെക് അടച്ചതിന്റെ ബില്ലും പുറത്ത് വന്നിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ആഭ്യന്തര സര്‍വ്വീസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയത് സര്‍ക്കാര്‍ സ്ഥാപനം. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്റ് സ്ഥാപനമായ ഒഡേപെകാണ് ആദ്യം യാത്ര ചെയ്ത 64 പേര്‍ക്കും ടിക്കറ്റ് എടുത്ത് നല്‍കിയത്. യാത്ര ചെയ്തതില്‍ ഭൂരിപക്ഷവും മന്ത്രിമാരുടെ ബന്ധുക്കളും സി.പി.എം നേതാക്കളുമാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര സര്‍വ്വീസ് രാവിലെ അബുദാബിയിലേക്ക് തിരിച്ചിരുന്നു. വൈകിട്ട് മൂന്ന് മണിക്കാണ് ആദ്യ ആഭ്യന്തരസര്‍വ്വീസ് നടത്തിയത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ ആഭ്യന്തര സര്‍വ്വീസില്‍ 64 യാത്രക്കാരാണുള്ളത്. എന്നാല്‍ ഇവര്‍ക്കെല്ലാം കൂടി ടിക്കറ്റ് എടുത്തിരിക്കുന്നത് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്റ് സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന ഒഡേപെകാണ്. ഗോ എയര്‍ വിമാനത്തിലുള്ള യാത്രക്കായി 64 പേര്‍ക്കുള്ള ടിക്കറ്റ് നിരക്കായ 228000 രൂപ ഒഡേപെക് അടച്ചതിന്റെ ബില്ലും പുറത്ത് വന്നിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ, മക്കള്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാവകൃഷ്ണന്റെ കുടുംബം, മന്ത്രി കെ.കെ ശൈലജയുടെ കുടുംബം, സി.പി.എം നേതാക്കളായ ജയരാജന്‍, പി.കെ ശ്രീമതി എം.പിയും കുടുംബവും, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരടക്കം 64 പേരാണ് ആദ്യ യാത്രയിലുള്ളത്. എന്നാല്‍ മന്ത്രിമാരുടെ യാത്ര ചിലവ് ഒരുമാസത്തിനകം ഈടാക്കുമെന്നും മറ്റുള്ള വ്യക്തികളില്‍ നിന്ന് പണം ഈടാക്കിയെന്നുമാണ് ഒഡേപെകിന്റെ വിശദീകരണം.
Adjust Story Font
16

