ബാറുകള്‍ വഴി വിദേശ നിര്‍മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍; വന്‍ അഴിമതിയെന്ന് പ്രതിപക്ഷം
മദ്യനയത്തില്‍ മാറ്റം വരുത്താതെയുള്ള തീരുമാനം കേരളത്തെ മദ്യത്തില്‍ മുക്കാനാണെന്നും എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

ബാറുകളും ബിയര്‍ പാര്‍ലറുകളും വഴി വിദേശ നിര്‍മ്മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം. മദ്യനയത്തില്‍ മാറ്റം വരുത്താതെ അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സുപ്രിംകോടതി ഉത്തരവ് പോലും മറികടന്നുള്ള തീരുമാനത്തിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ടെണ്ടര്‍ വിളിച്ച് നിയമാനുസൃതമായാണ് നടപടികള്‍ സ്വീകരിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
മദ്യനയത്തിന്‍റെ അടിസ്ഥാനത്തില്‍ ബിവറേജസ് ഔട്ട്‍ലെറ്റ് വഴി വിദേശ നിര്‍മ്മിത മദ്യം വില്‍ക്കാനുള്ള അനുമതി സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാറുകള്‍, ക്ലബുകള്‍, എയര്‍പോര്‍ട്ട്, ബിയര്‍ പാര്‍ലര്‍ എന്നിവ വഴിയും വിദേശ നിര്‍മ്മിത വിദേശ മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബക്കാര്‍ഡി അടക്കമുള്ള 17 കമ്പനികള്‍ക്ക് അനുമതി നല്‍കിയതില്‍ കൊടിയ അഴിമതി ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
മദ്യനയത്തില്‍ മാറ്റം വരുത്താതെയുള്ള തീരുമാനം കേരളത്തെ മദ്യത്തില്‍ മുക്കാനാണെന്നും എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ വിഷയം അടിയന്തരപ്രമേയമായി നിയമസഭയില്‍ കൊണ്ട് വരാനായിരിന്നു പ്രതിപക്ഷ തീരുമാനമെങ്കില്‍ സഭ വേഗത്തില്‍ പിരിഞ്ഞതോടെ പുറത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്.
Adjust Story Font
16

