തൃശൂര്‍ കേന്ദ്രീകരിച്ച് കോടികളുടെ ഓഹരിതട്ടിപ്പ്; കേസെടുക്കാന്‍ കോടതി നിര്‍ദേശം
ഉയര്‍ന്ന ലാഭവിഹിതം ഉറപ്പുനല്‍കി ബി.ആര്‍.ഡി ഗ്രൂപ്പ് ഓഫ് കമ്പനീസ് 57 കോടിയിലേറെ രൂപ തട്ടിയെടുത്തതായാണ് പരാതി.

തൃശൂര്‍ കേന്ദ്രീകരിച്ച് കോടികളുടെ ഓഹരിതട്ടിപ്പ്. ഉയര്‍ന്ന ലാഭവിഹിതം ഉറപ്പുനല്‍കി ബി.ആര്‍.ഡി ഗ്രൂപ്പ് ഓഫ് കമ്പനീസ് 57 കോടിയിലേറെ രൂപ തട്ടിയെടുത്തതായാണ് പരാതി. ഓഹരിയുടമകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കുന്നംകുളം പോലീസിന് കോടതി നിര്‍ദേശം നല്‍കി. ബി.ആര്‍.ഡി ഫിനാന്‍സ്, ബി.ആര്‍.ഡി സെക്യൂരിറ്റീസ്, ബി.ആര്‍.ഡി കാര്‍ വേള്‍ഡ്, ബി.ആര്‍.ഡി മോട്ടോഴ്സ് എന്നീ കമ്പനികളുടെ ഓഹരി വാങ്ങിയവരാണ് പരാതിയുമായി രംഗത്തുവന്നത്.
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികള്‍ 1993 മുതലാണ് മാനേജ്മെന്‍റ് വിറ്റഴിച്ചത്. 18 ശതമാനം വാര്‍ഷിക ഡിവിഡന്റെന്ന കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ച് നിക്ഷേപം നടത്തിയവരാണ് പരാതിയുമായി രംഗത്തുവന്നത്. 10 രൂപ മുഖവിലയിട്ട ഓഹരിയുടെ വില പിന്നീട് 60 രൂപയായും 120 രൂപയായും വര്‍ധിപ്പിച്ചു. വില ഇനിയും കൂടുമെന്ന് വിശ്വസിപ്പിച്ച് കമ്പനി ഓഹരികള്‍ വിറ്റതായി പരാതിക്കാര്‍ പറയുന്നു. കുറച്ചുകാലം ഡിവിഡന്‍റ് പണമായി നല്‍കിയ കമ്പനി പിന്നീട് അത് ബോണസ് ഓഹരിയാക്കി മാറ്റി.
ഇതും നല്‍കാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തുവന്നത്. ഇത് പരിഗണിച്ച കുന്നംകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കമ്പനിയില്‍ നിന്ന് നേരിട്ട് ഓഹരി വാങ്ങിയവരല്ല പരാതിക്കാരെന്നാണ് ബി.ആര്‍.ഡി മാനേജ്മെന്റിന്റെ വിശദീകരണം. കമ്പനി നിയമിച്ച ഉദ്യോഗസ്ഥരാണ് ഓഹരി വിറ്റതെന്നും ഇവര്‍ കോടതിയില്‍ കമ്പനിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാര്‍ പറയുന്നു.
Adjust Story Font
16

