ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; നടി ലീന മരിയ പോള്‍ ഇന്ന് ഹാജരായേക്കും
അന്വേഷണ ഉദ്യോഗസ്ഥന്‍ തൃക്കാക്കര അസിസ്റ്റ് കമ്മീഷണര്‍ പി.പി ഷംസിന് മുന്നിലാണ് നടി ഹാജരാവുക.

കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ നടന്ന വെടിവെപ്പ് കേസില്‍ മൊഴി നല്‍കാന്‍ നടി ലീന മരിയ പോള്‍ ഇന്ന് ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ തൃക്കാക്കര അസിസ്റ്റ് കമ്മീഷണര്‍ പി.പി ഷംസിന് മുന്നിലാണ് നടി ഹാജരാവുക. ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ലീന അറിയിച്ചിരുന്നു. അധോലോക സംഘങ്ങളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.
വെടിവെപ്പ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ലെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരിരുന്നു. ഇതിന്റെ ഭാഗമായാണ് മൊഴി നല്‍കാന്‍ നേരിട്ട് ഹാജരാകാന്‍ ലീനയോട് പൊലീസ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഹൈദരാബാദിലായിരുന്ന അവര്‍ ഇന്ന് ഹാജരാകാമെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു. മുബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ 25 കോടി രൂപ ആവശ്യപ്പെട്ട് തനിക്ക് നാലുതവണ ഭീഷണി കോളുകള്‍ ലഭിച്ചിരുന്നതായി ഇന്നലെ നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഭീഷണിയെകുറിച്ച് പൊലീസിനെ അറിയിച്ചിരുന്നതായും പരാതി നല്‍കിയിരുന്നില്ലെന്നും നടി പറഞ്ഞു. ഇന്ന് എ.സി.പിക്കു മുന്നില്‍ ഹാജരാകുമ്പോള്‍ ഭീഷണി സംബന്ധിച്ച് പരാതി നല്‍കുമെന്നും ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നടി വ്യക്തമാക്കി. ആയുധ നിയമ പ്രകാരം കേസെടുത്ത സംഭവത്തില്‍ സംശയങ്ങള്‍ നിലനില്ക്കുന്നതിനാല്‍ മുംബൈ പൊലീസുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നടിയുടെ ഇന്റര്‍നെറ്റ് കോളുകളും സാമ്പത്തിക സ്ത്രോതസുകളെകുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Adjust Story Font
16

