പട്ടികജാതിക്കാരുടെ ശ്മശാനത്തില്‍ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതായി പരാതി
പൊതുശ്മശാനത്തിനായി പഞ്ചായത്ത് ഭാരവാഹികള്‍ മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തിട്ടതായാണ് ആരോപണം.

കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ മൊകായി കോളനിക്ക് സമീപമുള്ള പട്ടികജാതിക്കാരുടെ ശ്മശാനത്തില്‍ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതായി പരാതി. പൊതുശ്മശാനത്തിനായി പഞ്ചായത്ത് ഭാരവാഹികള്‍ മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തിട്ടതായാണ് ആരോപണം. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൊകായി പട്ടികജാതി കോളനി ശ്മശാന സംരക്ഷണസമിതി മുഖ്യമന്ത്രിക്ക് പരാതി നല്കി.
1957 മുതല്‍ പട്ടികജാതിക്കാരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ച് വരുന്ന സ്ഥലം യാതൊരു അറിയിപ്പുമില്ലാതെ ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയെന്നാണ് പരാതി. ഇതോടെ അടക്കം ചെയ്ത സ്ഥലങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെത്തി. ഒരു വര്‍ഷം തികയാത്ത മൃതദേഹാവശിഷ്ടങ്ങളും ഇതിലുണ്ടെന്ന് കോളനിക്കാര്‍ പറയുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
പഞ്ചായത്തിന്റെ നിര്‍ദ്ദിഷ്ട പൊതു ശ്മശാനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നതെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. മൃതദേഹത്തോട് അനാദരവ് കാണിച്ച പഞ്ചായത്ത് ഭാരവാഹികള്‍ക്കും സെക്രട്ടറിക്കുമെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അംബേദ്ക്കര്‍ റൈറ്റ്സ് ഫോര്‍ സോഷ്യല്‍ ആക്ഷനും കോളനിവാസികളും മുഖ്യമന്ത്രിക്കും പട്ടികജാതി കമ്മീഷനും പരാതി നല്കിയിട്ടുണ്ട്.
Adjust Story Font
16

