Quantcast

കെട്ട് നിറയ്ക്കാന്‍ വിസമ്മതിച്ച് പൂജാരിമാര്‍, ആറ് മണിക്കൂര്‍ തടഞ്ഞ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍, മനിതി മടങ്ങി

രാവിലെ അഞ്ചരയോടെ സംഘടിച്ചെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആറ് മണിക്കൂറോളം ഇവരെ തടഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 Dec 2018 3:52 PM IST

കെട്ട് നിറയ്ക്കാന്‍ വിസമ്മതിച്ച് പൂജാരിമാര്‍, ആറ് മണിക്കൂര്‍ തടഞ്ഞ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍, മനിതി മടങ്ങി
X

പുലര്‍ച്ച മൂന്നരയോടെ പമ്പയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പുറപ്പെട്ട മനിതി സംഘം പമ്പാ സ്നാനത്തിന് ശേഷമാണ് കെട്ടുനിറച്ച് മലചവിട്ടാനൊരുങ്ങിയത്. കെട്ടുനിറക്കാന്‍ വിസമ്മതിച്ച പൂജാരിമാരാണ് ആദ്യം ഇവര്‍ക്കെതിരെ എതിര്‍പ്പുയര്‍ത്തിയത്. രാവിലെ അഞ്ചരയോടെ സംഘടിച്ചെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആറ് മണിക്കൂറോളം ഇവരെ തടഞ്ഞു.

പമ്പ കണ്‍ട്രോള്‍ റൂമില്‍ വിവരങ്ങള്‍ നല്‍കിയ ശേഷം 11 അംഗ മനിതി സംഘം പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തി. ത്രിവേണിയില്‍ മുങ്ങിക്കുളിച്ച ശേഷം നേരെ പമ്പ ഗണപതി കോവിലിലേക്ക്. ഗണപതി കോവിലിലില്‍ കെട്ടുനിറക്കാന്‍ ഒരുങ്ങിയ മനിതി വനിതാ സംഘത്തിന് സൌകര്യം ഒരുക്കാന്‍ ഇവിടുത്തെ പൂജാരികള്‍ തയ്യാറായില്ല. തന്ത്രി പറഞ്ഞാലെ കെട്ടുനിറക്കൂ എന്നായിരുന്നു അവരുടെ നിലപാട്.

തര്‍ക്കങ്ങള്‍ക്കൊടുവില്‍ സംഘത്തിലെ ആറ് പേര്‍ സ്വന്തം നിലയില്‍ കെട്ട് നിറ നടത്തി സന്നിധാനത്തേക്ക് പുറപ്പെട്ടു. പമ്പാ ഗാര്‍ഡ് റൂമിന് സമീപത്തെ ചെക്പോയിന്‍റിലെ പരിശോധനക്ക് ശേഷം മനിതി സംഘം മലചവിട്ടാനൊരുങ്ങി. ഇവിടെവച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടഞ്ഞു.

മനിതി സംഘം എത്തിയിട്ടും പൊലീസ് മതിയായ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നില്ല. സാധാരണ ദിവസങ്ങളില്‍ ഉണ്ടാകാറുള്ളയത്ര പൊലീസ് പോലും ഈ സമയത്ത് പമ്പയില്‍ ഉണ്ടായിരുന്നില്ല. ഉപരോധം നാല് മണിക്കൂര്‍ പിന്നിട്ടതോടെ മനിതി സംഘവുമായി അനുനയ ചര്‍ച്ച നടത്താനാണ് പൊലീസ് ശ്രമിച്ചത്. എന്നാല്‍ മല കയറാന്‍ തന്നെയാണ് തീരുമാനമെന്ന് ഇവര്‍ അറിയിച്ചു.

മനിതി പ്രവര്‍ത്തകരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ആറ് മണിക്കൂര്‍ പിന്നിട്ടിട്ടും വനിതാ സംഘം പിന്‍മാറില്ലെന്ന് ഉറപ്പായതോടെയാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

TAGS :

Next Story