ശബരിമലയിലെത്തുന്നത് ആക്ടിവിസ്റ്റുകളെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
‘തീവ്ര ഇടതു സംഘടനകള്‍ സ്ത്രീകളെ ശബരിമലയിലേക്കെത്തിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നുണ്ട്’

ശബരിമലയില്‍ ഇത് വരെയെത്തിയ യുവതികള്‍ ആക്റ്റിവിസ്റ്റുകളാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പ്രതിഷേധം ആസൂത്രിതമാണെന്നും ഏതാനും വ്യക്തികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതെന്നും പൊലീസ് കരുതുന്നു. തീവ്ര ഇടത് സംഘടനകള്‍ ശബരിമലയില്‍ യുവതികളെ എത്തിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

സുപ്രിംകോടതി വിധിക്ക് ശേഷം ശബരിമല കയറാനെത്തിയ യുവതികളെല്ലാം ആക്റ്റിവിസ്റ്റുകളാണ്. ഇവരുടെ സന്ദര്‍ശം നേരത്തെ പ്രഖ്യാപിക്കുന്നത് പ്രതിഷേധക്കാരെ വിവരമറിയിക്കുന്നതിന് തുല്യമാണ്. പ്രതിഷേധവും മുന്‍കൂട്ടി തയ്യാറാക്കിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിഗമനം. ഹിന്ദു സംഘനകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അറിയപ്പെടുന്ന ഏതാനം വ്യക്തികളാണ് ഏകോപനം നടത്തുന്നത്.
നിലക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ തീര്‍ഥാടകരെ നിരീക്ഷിക്കുന്നുണ്ട്. പ്രതിഷേധമുണ്ടാകുമ്പോള്‍ ഭക്തരെ ഇവര്‍ ഒപ്പം ചേര്‍ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. വിശേഷ ദിവസങ്ങളല്ലെങ്കില്‍ സ്ത്രീ പ്രവേശനം സാധ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തീവ്ര ഇടതു സംഘടനകള്‍ സ്ത്രീകളെ ശബരിമലയിലേക്കെത്തിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ മനിതി സംഘത്തിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. ദര്‍ശനത്തേക്കാളേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് തമിഴ്നാട്ടില്‍ നിന്നെത്തിയ ഈ സംഘം ശ്രമിച്ചത്. ഇവര്‍ പൊലീസിന്‍റെ നിര്‍ദേശം പാലിച്ചില്ലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16

