പ്രവാസ മണ്ണില്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്നവര്‍ക്ക് നീതി തേടി മലബാര്‍ ഡവലപ്മെന്റ് ഫോറം
മൃതദേഹങ്ങളെ ചരക്കിന് തുല്യമായി കണ്ട് തൂക്കിനോക്കി യാത്രാനിരക്ക് നിശ്ചയിക്കുന്ന വിമാനക്കമ്പനികളുടെ നടപടി ക്രൂരതയാണെന്ന് ഫോറം കുറ്റപ്പെടുത്തി

പ്രവാസ മണ്ണില്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്നവര്‍ക്ക് നീതി തേടി നിരാഹാര സമരവുമായി മലബാര്‍ ഡവലപ്മെന്റ് ഫോറം രാജ്യതലസ്ഥാനത്ത്. മൃതദേഹങ്ങളെ ചരക്കിന് തുല്യമായി കണ്ട് തൂക്കിനോക്കി യാത്രാനിരക്ക് നിശ്ചയിക്കുന്ന വിമാനക്കമ്പനികളുടെ നടപടി ക്രൂരതയാണെന്ന് ഫോറം കുറ്റപ്പെടുത്തി. മൃതദേഹങ്ങള്‍ സൌജന്യമായി നാട്ടിലെത്തിക്കണം എന്ന ആവശ്യമുന്നയിച്ച് കേന്ദ്ര വ്യോമയാനമന്ത്രിക്ക് നിവേദനവും നല്‍കും.
പ്രവാസി പണത്തിന്റെ കണക്ക് അഭിമാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ നിരത്തുമ്പോഴാണ് മറുഭാഗത്ത് പ്രവാസികളോടുള്ള വിമാനകമ്പനികളുടെ ചൂഷണവും മൃതദേഹങ്ങളോടുള്ള അനാദരവും പിടിച്ചു പറിയും യഥേഷ്ടം തുടരുന്നത്. ജീവനുള്ള മനുഷന് സീറ്റിന് നിരക്ക് ഈടാക്കുമ്പോള്‍ മരിച്ചു കഴിഞ്ഞാല്‍ ചരക്ക് കണക്കെ കിലോക്ക് 300 രൂപക്ക് മുകളില്‍ ഈടാക്കുന്നു.
അടക്കിയ പെട്ടി കൂടിയാകുമ്പോള്‍ തൂക്കം 100 കിലോ കടന്നേക്കാം. ഇതിനെതിരെയാണ് മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. ദേശീയ പ്രസിഡന്റ് കെ ബഷീര്‍, ഡല്‍ഹി ഘടകം പ്രസിഡന്റ് അബ്ദുല്ല കവുങ്ങല്‍ എന്നിവരാണ് ഡല്‍ഹി ജന്തര്‍മന്തറില്‍ 24 മണിക്കൂര്‍ നിരാഹാരം തുടരുന്നത്.
വിദേശ ഇന്ത്യക്കാരുടെ അടിയന്തര ക്ഷേമ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ കോടക്കണക്കിന് രൂപ വെറുതെ കിടക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് മരണപ്പെടുന്ന പ്രവാസികള്‍ക്ക് മാന്യമായ അന്ത്യയാത്ര ഉറപ്പാക്കും വരെ പോരാട്ടം തുടരാനാണ് മലബാര്‍ ഡവലപ്മെന്റ് ഫോറത്തിന്റെ തീരുമാനം.
Adjust Story Font
16

