ബാലകൃഷ്ണപിള്ളയെയും കാനം രാജേന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് എന്‍.എസ്.എസ്
നായന്മാരായ നേതാക്കള്‍ക്ക് എന്‍.എസ്.എസിനോട് എന്തുമാകാമെന്ന നിലപാട് വിലപ്പോകില്ലെന്ന് സുകുമാരന്‍ നായര്‍

ബാലകൃഷ്ണപിള്ളയെയും കാനം രാജേന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് എന്‍.എസ്.എസ്. നായന്മാരായ നേതാക്കള്‍ക്ക് എന്‍.എസ്.എസിനോട് എന്തുമാകാമെന്ന നിലപാട് വിലപ്പോകില്ലെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു. സംഘടനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നേരിടുമെന്നും ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
സുകുമാരന്‍ നായര്‍ മാത്രം വിചാരിച്ചാല്‍ എന്‍.എസ്.എസിന് സമദൂരമെന്ന നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ പറ്റില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. സമദൂരം പറഞ്ഞ് ജനങ്ങളെ പറ്റിക്കേണ്ടെന്ന് കാനവും അഭിപ്രായപ്പെട്ടു. ഇതിനോട് രൂക്ഷമായാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചത്. ഭരണപക്ഷത്തെ പ്രബല കക്ഷികളുടെ നേതാക്കളും ഇപ്പോള്‍ ചേക്കേറിയ ഒരു നേതാവുമാണ് എന്‍.എസ്.എസിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഇത്തരക്കാര്‍ നായന്‍മാര്‍ കൂടിയാകുമ്പോള്‍ എന്‍.എസ്.എസിനോട് എന്തുമാകാമല്ലോ എന്നും സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഈ പരിപ്പൊന്നും എന്‍.എസ്.എസ്സില്‍ വേവുകയില്ലെന്ന് അവര്‍ മനസ്സിലാക്കണം. സംഘടനക്ക് അകത്ത് നിന്ന് വിള്ളല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും സുകുമാരന്‍ നായര്‍ വിശദീകരിക്കുന്നു. ഏത് വിധേനയും ആചാര ലംഘനം നടത്തുന്നതിനുള്ള നടപടിയാണെന്ന് മനസ്സിലാക്കിയാണ് എന്‍.എസ്.എസ് വനിതാ മതിലില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശബരിമല കര്‍മ്മസമിതിയുടെ അയ്യപ്പജ്യോതിയില്‍ വിശ്വാസികള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ആവര്‍ത്തിച്ചു.
Adjust Story Font
16

