Quantcast

സർക്കാരിന് നേട്ടമായി ശബരിമലയിലെ യുവതി പ്രവേശനം 

കോടതിവിധി നടപ്പാക്കുന്നില്ല എന്ന രാഷ്ട്രീയ വിമര്‍ശനത്തെ മറികടക്കാന്‍ സര്‍ക്കാരിന് കഴിയും

MediaOne Logo

Web Desk

  • Published:

    2 Jan 2019 3:13 PM IST

സർക്കാരിന് നേട്ടമായി ശബരിമലയിലെ യുവതി പ്രവേശനം 
X

യുവതി പ്രവേശനം സാധ്യമാക്കിയത് സര്‍ക്കാരിനും ഇടത് മുന്നണിക്കും രാഷ്ട്രീയ നേട്ടമായി. കോടതിവിധി നടപ്പാക്കുന്നില്ല എന്ന രാഷ്ട്രീയ വിമര്‍ശനത്തെ മറികടക്കാനും സര്‍ക്കാരിന് കഴിയും. വിധി നടപ്പാക്കാനാകാത്തതിനെ തുടര്‍ന്നുണ്ടാകുന്ന നിയമക്കുരുക്കില്‍ നിന്ന് സര്‍ക്കാര്‍ രക്ഷപ്പെടുകയും ചെയ്തു.

ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നത് കഴിഞ്ഞ വർഷം സെപ്തംബർ 28നാണ്. ഇതിന് പിന്നാലെ നിരവധി യുവതികൾ മല ചവിട്ടാൻ ശബരിമലയിലെത്തിയെങ്കിലും വിധി നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞിരുന്നില്ല. ആർ.എസ്.എസിൻറെ നേതൃത്വത്തിലൊരുക്കിയ പ്രതിരോധം സർക്കാരിന് വൻ വെല്ലുവിളിയാവുകയും ചെയ്തു. വിധി നടപ്പിലാക്കുന്നതിൽ ആത്മാർത്ഥയില്ലെന്ന വിമർശം മറുഭാഗത്ത് സ്ത്രീ സംഘടനകളും ദലിത് സംഘടനകളും ഉയർത്തിയതും സർക്കാറിന് മുന്നിൽ പ്രതിസന്ധിയായി. എന്നാൽ മണ്ഡലകാലം കഴിയുന്നതിന് മുൻപേ തന്നെ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതോടെ ഇതിനെയെല്ലാം അതിജീവിക്കാനായെന്ന വിലയിരുത്തലിലാണ് സർക്കാരും മുന്നണി നേതൃത്വവും.

യുവതി പ്രവേശനത്തെ പരോക്ഷമായി എതിർത്ത് ദേവസ്വം മന്ത്രിയും ബോർഡും പ്രസ്താവന നടത്തിയതും സർക്കാറിനെ വെട്ടിലാക്കിയിരുന്നു. മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും രംഗത്ത് വരേണ്ടിയുംവന്നു. ശബരിമല വിഷയത്തെ മുൻനിർത്തി വനിതാമതിൽ സംഘടിപ്പിച്ചതിന് പിറ്റേ ദിവസം തന്നെ യുവതി പ്രവേശനം സാധ്യമാക്കിയതും എൽ.ഡി.എഫിന് രാഷ്ട്രീയ നേട്ടമായി. അതേസമയം വിഷയത്തിൽ ബി.ജെ.പിയും പ്രതിപക്ഷവും സമരം ശക്തമാക്കുന്ന ആശങ്ക സർക്കാറിനുണ്ട്. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് മുന്നണി നേതൃത്വത്തിൻറെ തീരുമാനം.

TAGS :

Next Story