ശബരിമല വിഷയം: ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പം ശക്തം
കൂടിയാലോചനയില്ലാതെ തീരുമാനം പ്രഖ്യാപിച്ച എം.പിമാരുടെ നടപടിയിലെ അതൃപ്തിയും യോഗത്തില്‍ കോണ്‍ഗ്രസ് രേഖപ്പെടുത്തിയേക്കും

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യത്തില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പം ശക്തം. കോണ്‍ഗ്രസോ യു.ഡി.എഫോ തീരുമാനമെടുക്കാതെയാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള എം.പിമാര്‍ ഓര്‍ഡിനന്‍സിനായി പ്രധാനമന്ത്രിയെ കാണുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. നാളത്തെ യു.ഡി.എഫ് യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വരും.
ശബരിമല വിഷയം പരിഹരിക്കാനുള്ള വഴി കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുക മാത്രമാണെന്ന നിലപാടാണ് യു.ഡി.എഫിന് നേരത്തെ തന്നെയുള്ളത്. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാന്‍ കോണ്‍ഗ്രസോ യു.ഡി.എഫോ തീരുമാനിച്ചിരുന്നില്ല. ഇതിനിടയിലാണ് യു.ഡി.എഫ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് പ്രഖ്യാപിച്ചത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തില്ലെന്ന് അറിയിച്ചതോടെ ആശയക്കുഴപ്പം പുറത്തുവന്നു. ഓര്‍ഡിനന്‍സിന്‍റെ കാര്യം ചര്‍ച്ചയിലില്ലെന്ന് ഇന്ന് കെ.സി വേണുഗോപാലും വ്യക്തമാക്കി.
യു.ഡി.എഫ് വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ആശയക്കുഴപ്പമില്ല എന്ന് പറയുമ്പോഴും മുന്നണി തീരുമാനമെടുത്തില്ലെന്ന സൂചനയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കുന്നത്. നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്ക് വരും. നിയമനിര്‍മാണം എന്നതില്‍ ഊന്നല്‍ നല്‍കാനാണ് സാധ്യതയെന്നാണ് സൂചന. കൂടിയാലോചനയില്ലാതെ തീരുമാനം പ്രഖ്യാപിച്ച എം.പിമാരുടെ നടപടിയിലെ അതൃപ്തിയും യോഗത്തില്‍ കോണ്‍ഗ്രസ് രേഖപ്പെടുത്തിയേക്കും.
Adjust Story Font
16

